ന്യൂദല്‍ഹി: കര്‍ഷകസമരത്തില്‍ രാജ്യതലസ്ഥാനം പ്രക്ഷ്ബ്ധുമാകുന്നതിനിടെ ദല്‍ഹി സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് ബി.ജെ.പി നേതാക്കള്‍. വിവിധ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കായി ദല്‍ഹി സര്‍ക്കാര്‍ നല്‍കാനുള്ള 13,000 കോടി രൂപ എവിടെയെന്ന് ചോദിച്ചുകൊണ്ടാണ് സമരം.
നല്‍കാനുള്ള തുക എത്രയും വേഗം തരണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍മാരാണ് സമരം ആരംഭിച്ചത്. നോര്‍ത്ത് ദല്‍ഹി മേയര്‍ ജയ്പ്രകാശ്, സൗത്ത് മേയര്‍ അനാമിക മിഥിലേഷ്, ഈസ്റ്റ് ദല്‍ഹി മേയര്‍ നിര്‍മല്‍ ജയിന്‍ എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വസതിക്ക് മുന്‍പിലാണ് ബി.ജെ.പിയുടെ സമരം.
പ്രാദേശിക ബി.ജെ.പി നേതാക്കള്‍ ആരംഭിച്ച സമരം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ബി.ജെ.പി എം.പിമാരായ മനോജ് തിവാരി, ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ സമരസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. നേരത്തെ ബി.ജെ.പി എം.പിമാരായ മീനാക്ഷി ലേഖിയും പര്‍വേഷ് വര്‍മയും പ്രതിഷേധക്കാരെ സന്ദര്‍ശിച്ചിരുന്നു. നിരവധി വനിതാ കൗണ്‍സിലര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
‘ആം ആദ്മി(സാധാരണക്കാരന്‍) എന്ന സ്വയം വിളിക്കുന്നുണ്ടെങ്കിലും അരവിന്ദ് കെജ്‌രിവാള്‍ സത്യത്തില്‍ സാധാരണക്കാര്‍ക്കെതിരാണ്. അതുകൊണ്ടാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കൊടുക്കാനുള്ള 13,000 കോടി രൂപ നല്‍കാത്തത്. ഈ തുക ലഭിച്ചാല്‍ കോര്‍പ്പറേഷനുകള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും ശമ്പളം നല്‍കാനാകും.’ മനോജ് തിവാരി പറഞ്ഞു.
ബി.ജെ.പിയുടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് അരവിന്ദ് കെജ്‌രിവാളും ആംആദ്മിയും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രതിഷേധിക്കുന്ന ബി.ജെ.പിയുടെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണ് വാഴുന്നതെന്നാണ് ആംആദ്മിയുടെ മറുപടി. കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും നല്‍കിക്കഴിഞ്ഞതാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. കര്‍ഷകസമരത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ബി.ജെ.പിയുടെ സമരമെന്നും വിമര്‍ശനമുയരുന്നുണ്ട്.
അതേസമയം ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് വലിയ പിന്തുണ ലഭിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തി. പക്ഷെ ഈ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു.
കേന്ദ്രത്തിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറുകയില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP protest in Delhi against Arvind Kejriwal Govt, Gautam Gambhir, manoj Tiwari joins