ചെന്നൈ:ആക്ഷന്‍ കിംഗ് അര്‍ജുനും സൂപ്പര്‍ താരം വിശാലും ഒന്നിക്കുന്ന പുതിയ ചിത്രം ഇരുമ്പ് തിരൈക്കെതിരെ പ്രതിഷേധവുമായി തമിഴ്‌നാട് ബി.ജെ.പി. ചിത്രത്തില്‍ ഡിജിറ്റല്‍ ഇന്ത്യ, നോട്ട് നിരോധനം, ആധാര്‍ എന്നിവയെ വിമര്‍ശിക്കുന്നുണ്ടെന്നും ഈ രംഗങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം.
ചിത്രത്തില്‍ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരെ കുറിച്ചുള്ള പരാമര്‍ശവും ബി.ജെ.പി തമിഴ്‌നാട് ഘടകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പ്രദര്‍ശനം ഏത് വിധേയനയും തടയുമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കയാണ്.
നേരത്തെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. നടരാജന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് വി പാര്‍ത്ഥിപന്‍, പി ഡി ഒടികേശവലു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
Also Read ഞാന്‍ എന്തിന് തര്‍ജ്ജമ ചെയ്യണം വേണമെങ്കില്‍ ഷാനി ഹിന്ദി പഠിക്കട്ടെ;ശോഭാ സുരേന്ദ്രന്റെ ഹിന്ദി ക്ലാസിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നടന്‍ വിശാല്‍ തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പി.എസ്.മിത്രന്‍ ആണ്. മേജര്‍ ആര്‍.കൈതവരാനായി വിശാലും ഡോ. രതീദേവിയായി സാമന്തയും വൈറ്റ് ഡെവിളായി അര്‍ജുനും അഭിനയിക്കുന്നു. ഡല്‍ഹി ഗണേഷ് ,റോബോ ശങ്കര്‍ ,വിന്‍സെന്റ് അശോകന്‍, ഗോപി ജി.പി.ആര്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം യുവശങ്കര്‍ രാജയും , ക്യാമറ ജോര്‍ജ് സി. വില്യംസും എഡിറ്റിംഗ് റൂബനും നിര്‍വ്വഹിക്കുന്നു. വിശാലും സാമന്തയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തമീന്‍സാണ് കേരളത്തില്‍ ഈ ചിത്രം വിതരണം ചെയ്യുന്നത്.
മുമ്പ് വിജയ് ചിത്രം മെര്‍സലിനെതിരെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെന്നാരോപിച്ച് ബി.ജെ.പിയും നിരവധി ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു.
മെര്‍സലില്‍ ജി.എസ്.ടിയേയും ഗോരഖ്പൂര്‍ സംഭവവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. 7% ജി.എസ്.ടി ഉള്ള സിങ്കപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രത്തിലെ കഥാപാത്രം ചോദിച്ചിരുന്നു. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിനെ വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്.
Read It അമിത് ഷായ്ക്ക് നേരെ ആന്ധ്രയില്‍ ടി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; വാഹന വ്യുഹത്തിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു
ഇതിനെതിരെയായിരുന്നു ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു.
വിജയ് ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് ചിത്രത്തില്‍ അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞതെന്നും വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മത വികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് വിജയ്ക്കെതിരെ ചില സംഘടനകള്‍ കേസുകൊടുക്കുകയും ചെയ്തു. ചിത്രം റീ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യമുയരുകയും ചെയ്തു. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ ബോക്സ് ഓഫീസില്‍ ചിത്രത്തിന് വന്‍ നേട്ടമുണ്ടാക്കി കൊടുത്തു.