ജയ്പൂര്‍: ജയ്പൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരുടെ വധശിക്ഷ റദ്ദാക്കിയ രാജസ്ഥാന്‍ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയമാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.
കേസില്‍ കക്ഷി ചേര്‍ന്ന സര്‍ക്കാര്‍ മതിയായ രീതിയില്‍ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാരോപിച്ചാണ് ബി.ജെ.പി സമരത്തിനിറങ്ങിയത്. കോടതി വിധി സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇരകള്‍ക്ക് മേലുള്ള അനീതിയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.
‘കോടതി വിധി സര്‍ക്കാരിന്റെ നിയമ നടപടികളില്‍ സംശയം ജനിപ്പിക്കാന്‍ കാരണമാണ്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദം വളരെ ദുര്‍ബലമായിരുന്നു. അതാണ് പ്രതികളുടെ മോചനത്തിന് കാരണമായത്. ഇരകള്‍ ഇപ്പോഴും നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്.
കോടതി വിധി കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിന് ഉദാഹരണമാണ്,’ ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി.ജെ.പി നേതാവ് രാജ്പാല്‍ സിങ് പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു.
2008ലാണ് രാജസ്ഥാനിലെ വിവിധ ഇടങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ 71 പേര്‍ കൊല്ലപ്പെടുകയും 135 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ട മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സല്‍മാന്‍, സര്‍വാര്‍ ആസ്മി, സയ്ഫുര്‍ റഹ്മാന്‍ എന്നിവരെയാണ് വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ചിരുന്നത്.
കേസില്‍ അഞ്ചാം പ്രതിയായി പൊലീസ് കണ്ടെത്തിയ ഷഹബാസ് ഹുസൈനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഈ വിധിയാണ് അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് കണ്ടെത്തി രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കിയത്.