| Sunday, 18th November 2018, 1:42 pm

ബി.ജെ.പിയുടെ സമരം വിശ്വാസികള്‍ക്കെതിരെ; അക്രമം നടത്താന്‍ ആസൂത്രിത നീക്കമെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കെതിരെയാണ് ബി.ജെ.പി സമരം നടത്തുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമോചന സമരത്തിന്റെ പുതിയ പതിപ്പ് നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

വിശ്വാസികളുടെ പിന്തുണയില്ലാത്ത കലാപമാണ് നടക്കുന്നതെന്നും വ്യാപകമായി അക്രമം നടത്താനാണ് ബി.ജെ.പിയുടെ ആസൂത്രിത നീക്കമെന്നും കോടിയേരി പറഞ്ഞു. ആവശ്യമുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് ബി.ജെ.പി സമരം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.


also read:  പൊലീസ് എടുത്തുകൊടുത്തിട്ടും കെ. സുരേന്ദ്രന്‍ ബോധപൂര്‍വ്വം രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടകംപള്ളി സുരേന്ദ്രന്‍


“ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥന സര്‍ക്കാറിന് പിടി വാശിയില്ല. സുപ്രീം കോടതി വിധി വന്നത് മാത്രമാണ് പ്രശ്‌നം. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി സമരം നടത്തിയിട്ട് കാര്യമില്ല”- കോടിയേരി വ്യക്തമാക്കി. ബി.ജെ.പിക്ക് ഇത്രമാത്രം താത്?പര്യമുണ്ടെങ്കില്‍ േകന്ദ്ര സര്‍ക്കാറിനെ സമീപിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെട്ടാല്‍ പോരെ എന്നും കോടിയേരി ചോദിച്ചു.

അതേസമയം, അറസ്റ്റിലായതിനു പിന്നാലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പൊലീസിനെതിരെ ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇരുമുടികെട്ട് സുരേന്ദ്രന്‍ സ്വയം താഴെയിട്ടതാണ്. പൊലീസ് അതില്‍ ചവിട്ടിയിട്ടില്ല. പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അതിന് തെളിവാണെന്നും കടകംപള്ളി വ്യക്തമാക്കി.

ഉറങ്ങാന്‍ പോലും സമ്മതിച്ചില്ലെന്ന സുരേന്ദ്രന്റെ ആരോപണം കള്ളക്കഥയാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മുറിയിലാണ് സുരേന്ദ്രനെ ഇരുത്തിയത്. കിടക്കാന്‍ ബെഞ്ച് ശരിയാക്കി കൊടുത്തിരുന്നു. വെള്ളത്തിന് ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നെന്നും മന്ത്രി പറഞ്ഞു. അമ്മ മരിച്ച് നാലുമാസം തികയുന്നതിനു മുമ്പാണ് സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത്. ആചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഇങ്ങനെ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. തന്നെ പൊലീസ് നിലത്തിട്ട് വലിച്ചിഴച്ചു മര്‍ദ്ദിച്ചെന്നും മരുന്ന് കഴിക്കാന്‍ പോലും അനുവദിച്ചില്ലെന്നും മജിസ്‌ട്രേറ്റിനു മുന്നില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ വൈദ്യപരിശോധ റിപ്പോര്‍ട്ട് കാണിച്ചാണ് കോടതിയില്‍ പൊലീസ് സുരേന്ദ്രന്റെ വാദം പൊളിച്ചത്.

We use cookies to give you the best possible experience. Learn more