മുംബൈ: ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്‍വീര്‍ സിങ്-ദീപിക പദുകോണ്‍ താരജോഡികളുടെ പുതിയ ചിത്രം ബാജിറാവു മസ്താനിയുടെ പ്രദര്‍ശനം റദ്ദു ചെയ്തു. ബി.ജെ.പിയുടെ ഭീഷണിയെ തുടര്‍ന്ന് പൂനെ സിറ്റിപ്രൈഡ് തിയറ്ററിലെ മൂന്ന് ഷോകളാണ് വേണ്ടെന്ന് വെച്ചത്. ചിത്രം ഇന്നാണ് റിലീസ് ചെയ്തത്. മഹാരാഷ്ട്ര ഭരിച്ച ബജ്‌റാവോ പെഷ്‌വയുടെയും മുസ്‌ലിം രാജ്ഞിയായ മസ്താനിയുടെയും അനശ്വര പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.
ചരിത്രം വളച്ചൊടിച്ചാണ് ചിത്രം നിര്‍മിച്ചതെന്നാണ് യുവമോര്‍ച്ച ഉള്‍പ്പടെയുള്ള ഹിന്ദുത്വ സംഘടനകളുടെ ആരോപണം. ബജ്‌റാവോ പെഷ്‌വ ഒന്നാമനേയും പത്‌നിമാരായ കാശിഭായിയേും മസ്താനിയേയും വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്നും സിനിമയിലെ പിങ്ക നൃത്തം മറാത്തി സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് ഐറ്റം ഡാന്‍സായി ചിത്രീകരിച്ചെന്നും ഹിന്ദുത്വ സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു.
100 കോടി മുതല്‍മുടക്കുള്ള ചിത്രം റാവു കാശിഭായി എന്ന വ്യക്തിയുടെ പുസ്തകത്തെ ആധാരമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. അതേ സമയം സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുംബൈ ഹൈക്കോടതി വാദം കേള്‍ക്കും.
ബോക്‌സ് ഓഫീസില്‍ ബാജിറാവു മസ്താനിക്കെതിരെ മത്സരിക്കുന്ന ഷാരൂഖ് ചിത്രം ദില്‍വാലെക്കെതിരെയും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. അസഹിഷ്ണുതാ പരാമര്‍ശം നടത്തിയ ഷാരൂഖിന്റെ സിനിമയുടെ പ്രദര്‍ശനം എന്തു വില കൊടുത്തും തടയുമെന്നാണ് ശിവസേന ഭീഷണി മുഴക്കിയിരിക്കുന്നത്.