ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി; തിരുവനന്തപുരത്ത് ആദ്യ പരിഗണന കുമ്മനത്തിന്: തൃശൂരില്‍ കെ.സുരേന്ദ്രന്‍
D' Election 2019
ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി; തിരുവനന്തപുരത്ത് ആദ്യ പരിഗണന കുമ്മനത്തിന്: തൃശൂരില്‍ കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th February 2019, 11:48 am

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ട് ബി.ജ.പി. ഒരു മണ്ഡലത്തില്‍ മൂന്ന് പേരുകള്‍ അടങ്ങുന്ന പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. വിജയ സാധ്യത പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ബി.ജെ.പി പ്രഥമ പരിഗണന നല്‍കുന്നത്.

രാജ്യസഭാ എം.പി സുരേഷ് ഗോപിയും കുമ്മനത്തിനൊപ്പം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന് പുറമെ പി.കെ.കൃഷ്ണദാസും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രതീക്ഷ അര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലമായ തൃശൂരില്‍ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനുമാണ് സാധ്യത.

Read Also : ആ താജ്മഹലൊക്കെ പൊളിച്ചു നല്ല രണ്ട് കക്കൂസ് പണിയണം; മോദിയുടെ കക്കൂസ് പരാമര്‍ശത്തിന് ട്രോള്‍ മഴ

തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ബി.ജെ.പി ഒരുക്കമാണെന്നാണ് വിവരം. ശബരിമല വിഷയം നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന പത്തനംതിട്ടയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം.ടി.രമേശിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെ അന്തിമ തീരുമാനം ആര്‍.എസ്.എസുമായി ആലോചിച്ച ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.

സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നല്‍കിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകക്ഷികളുമായി ഏകദേശ ധാരണയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.