| Sunday, 28th February 2021, 12:02 pm

മത്സരിക്കാന്‍ സുരേഷ് ഗോപിക്കുമേല്‍ സമ്മര്‍ദ്ദം; മണ്ഡലമുള്‍പ്പെടെ നിശ്ചയിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സുരേഷ് ഗോപിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. വട്ടിയൂര്‍ക്കാവിലോ, തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമേലും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. അഞ്ച് ജില്ലാ ഘടകങ്ങള്‍ സുരേന്ദ്രനെ പല മണ്ഡലങ്ങളിലായി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി പതിനേഴിന് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുളളിലെ ഭിന്നതകള്‍ മൂലം തീരുമാനമാകാതെയാണ് യോഗം പിരിഞ്ഞത്.

പ്രധാന മണ്ഡലങ്ങളില്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് കൃഷ്ണദാസ് പക്ഷം വിമര്‍ശനം ഉന്നയിച്ചത്. വിഷയത്തില്‍ ആര്‍.എസ്.എസ് ഇടപെടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, പ്രഭാരിമാരായ സി. പി രാധാകൃഷ്ണന്‍, സുനില്‍ കുമാര്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.

സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രധാന മണ്ഡലങ്ങളില്‍ പി.കെ കൃഷ്ണദാസ് പക്ഷത്ത് നിന്നുള്ളവരുടെ പേരുകള്‍ പരിഗണിക്കാത്തതാണ് അഭിപ്രായ ഭിന്നതയ്ക്ക് പ്രധാന കാരണം. കൃഷ്ണദാസ് പക്ഷത്ത് നിന്ന് അദ്ദേഹത്തിന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്.

വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച എസ്. സുരേഷിനെ മാറ്റി മുരളീധരപക്ഷത്തിന്റെ വി. വി രാജേഷിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന.
എം. ടി രമേശിനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യവും പരിഗണിക്കപ്പെട്ടില്ലെന്നാണ് സൂചന.

പി. ആര്‍ ശിവശങ്കറിന് തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കണമെന്ന് എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും നേതൃത്വം തള്ളി. ഡോ. കെ. എസ് രാധാകൃഷ്ണന് തൃപ്പൂണിത്തുറ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്‍. ശിവരാജന് സീറ്റ് നല്‍കാന്‍ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് അടുക്കെ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പോര് മുറുകുന്നുവെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. പി.കെ കൃഷ്ണദാസ് പക്ഷത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി പലയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Pressurizes Suresh Gopi to compete in Upcoming Niyamasabha election

We use cookies to give you the best possible experience. Learn more