തിരൂര്‍: കേരളത്തില്‍ കള്ളവോട്ട് ചെയ്തതിന്റെ പേരിലുള്ള റീപോളിങ് അപമാനകരമാണെന്നും എന്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.പൊന്നാനി ലോക്‌സഭാ മണ്ഡലം ബി.ജെ.പി പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വസ്ത്രധാരണത്തിന്റെ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സി.പി.ഐ.എം അതിന്റെ പേരില്‍ അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും അതുകൊണ്ടാണ് കമ്മ്യൂണസിത്തിന്റെ രീതികളെല്ലാം ലംഘിച്ച് അവര്‍ അലയുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
‘ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു അടുത്തകാലം വരെ സി.പി.ഐ.എം. എന്നാല്‍ ഇന്ന് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് അവരാണ്. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി സി.പി.ഐ.എം ഉഴുതു മറിച്ച മണ്ണില്‍ യു.ഡി.എഫ് വിളവെടുക്കുന്നതിലുള്ള നിരാശയാണ് പര്‍ദ വിഷയത്തില്‍ സി.പി.ഐ.എം ഇപ്പോള്‍ എടുക്കുന്ന നിലപാട്. വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച സി.പി.ഐ.എമ്മിന് തോല്‍വി ഉറപ്പായതോടെ ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ്. ‘ശ്രീധരന്‍പിള്ള പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം 23ന് പുറത്തുവരുമ്പോള്‍ സി.പി.ഐ.എം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമെന്നും മോദിയെ താഴെയിറക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ക്കൊക്കെ 23ാം തീയതി സമ്മാനിക്കുക നിരാശയായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.