| Wednesday, 17th March 2021, 8:03 am

ഇയാളുടെ കയ്യില്‍ സി.പി.ഐ.എം പാര്‍ട്ടി ഓഫീസില്‍ നിന്ന് നല്‍കിയ റെഡ് കാര്‍ഡ് മാത്രം; ജേക്കബ് തോമസിനെതിരെയുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരിഞ്ഞാലക്കുട: ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മുന്‍ ഐ.പി.എസ് ഓഫീസര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. 2017ല്‍ കെ. സുരേന്ദ്രന്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.

കോണ്‍ഗ്രസിലെയും സി.പി.ഐ.എമ്മിലെയും നേതാക്കള്‍ക്കെതിരെയുള്ള അഴിമതിക്കേസില്‍ ഒരു നടപടിയും സ്വീകരിക്കാത്ത ജേക്കബ് തോമസ് സി.പി.ഐ.എമ്മിന്റെ ചട്ടുകം മാത്രമായി മാറിക്കഴിഞ്ഞുവെന്ന് ഈ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രാജിവെച്ച് വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.

‘ഈ മനുഷ്യന്റെ കയ്യില്‍ ഇപ്പോള്‍ ചുകപ്പു കാര്‍ഡ് മാത്രമേയുള്ളൂ. അത് പക്ഷെ സി.പി.ഐ.എം ആപ്പീസില്‍ നിന്ന് കൊടുത്ത കാര്‍ഡാണെന്ന് മാത്രം. ഇനിയെങ്കിലും രാജിവെച്ച് വേറെ വല്ല പണിക്കും പോകുന്നതാണ് ഇദ്ദേഹത്തിന് നല്ലത്. അഴിമതിക്കേസുകളിലൊന്നിലും ഒരു ചുക്കും ചെയ്യാന്‍ ഈ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല,’ കുറിപ്പില്‍ പറയുന്നു.

പ്രസംഗം ഒക്കെ കേട്ടപ്പോള്‍ ഇദ്ദേഹം എന്തെങ്കിലും ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. വെറും തട്ടിപ്പ്. ഉമ്മന്‍ ചാണ്ടി, കെ. ബാബു, എ. പി അനില്‍കുമാര്‍, കെ. എം മാണി, രമേശ് ചെന്നിത്തല എന്നിവര്‍ പ്രതികളായ മുഴുവന്‍ കേസുകളും പൂര്‍ണ്ണമായും നിലച്ചു. ഇ. പി ജയരാജന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ കേസില്‍ കോടതി ശാസിച്ചതുകൊണ്ടുമാത്രം ഒരു ഐവാഷ് നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

ടി. ഒ. സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം എട്ടുമാസമായി ചുകപ്പു നാടയിലാണ്. തച്ചങ്കരിയുടെ കാര്യവും തഥൈവ. ക്വാറി മാഫിയകളും സര്‍ക്കാര്‍ ഭൂമി കയ്യേറിയവരും സുഖമായി വിലസുന്നു. ഇദ്ദേഹം സി. പി.ഐ.എമ്മിന്റെ വെറും ചട്ടുകമായി മാറിക്കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

കെ. സുരേന്ദ്രന്റെ പഴയ പോസ്റ്റിന് താഴെ നിരവധി പേരാണ് ഇപ്പോള്‍ കമന്റുമായി എത്തിയിരിക്കുന്നത്. പോസ്റ്റില്‍ പറയുന്ന ജേക്കബ് തോമസിനെതിരെയുള്ള പരാതികളില്‍ ഇപ്പോള്‍ എന്താണ് നിലപാടെന്നാണ് പലരും ചോദ്യമുന്നയിക്കുന്നത്.

ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ജേക്കബ് തോമസ്. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പ്രഖ്യാപിച്ച ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ പ്രമുഖരുടെ ലിസ്റ്റില്‍ ജേക്കബ് തോമസിന്റെ പേരുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: BJP president K Surendran’s old facebook post against BJP candidate Jacob Thomas goes viral

We use cookies to give you the best possible experience. Learn more