തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ വര്‍ഗീയ ധ്രുവീകരണം നടന്നുവെന്നും മത-സമുദായ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്നുമുള്ള പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുസ്‌ലിം സമുദായം തീരുമാനിച്ചവര്‍ മാത്രമാണ് നിയമസഭയിലെത്തുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
മുസ്‌ലിം വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് സി.പി.ഐ.എം ജയിച്ചത്. നേമത്ത് എസ്.ഡി.പി.ഐ സി.പി.ഐ.എമ്മിന് വോട്ട് ചെയ്തുവെന്ന് പരസ്യമായി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തീവ്രവാദ ശക്തികളടക്കം പരസ്യമായി സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനും വര്‍ഗീയ വോട്ട് ലഭിച്ചു. കല്‍പറ്റയില്‍ യു.ഡി.എഫിന്റെ സിദ്ദിഖിനാണ് സി.പി.ഐ.എമ്മിനകത്തെ മുസ്‌ലിം വോട്ടര്‍മാര്‍ വോട്ട് ചെയ്തത്. മുസ്‌ലിം സഖാക്കള്‍ സിദ്ദിഖിന് വോട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ. ശ്രീധരനും കുമ്മനം രാജശേഖരനും നിയമസഭയില്‍ പോകാന്‍ പാടില്ല എന്നും നമ്മുടെ സമുദായത്തില്‍ പെട്ടവരെ ഒന്നിച്ചുനിന്ന് നിയമസഭയിലെത്തിക്കണമെന്നും ആഹ്വാനമുണ്ടായിട്ടില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഷാഫി പറമ്പിലും ടി.സിദ്ദിഖും ജയിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയത് കോണ്‍ഗ്രസ് മാത്രമല്ലല്ലോ, എ.കെ.എം അഷറഫ് ജയിച്ചപ്പോള്‍ ലീഗ് മാത്രമല്ലല്ലോ ആഘോഷിച്ചതെന്നും അദ്ദേഹം ചോദിച്ചു. ബേപ്പൂരില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മത്സരിച്ചിടത്തടക്കം യഥാര്‍ത്ഥ പരിശോധന നടത്തിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ലീഗുകാര്‍ മത്സരിക്കാത്ത സ്ഥലങ്ങളിലെല്ലാം യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകളെല്ലാം സി.പി.ഐ.എമ്മിന് പോയി. ലീഗും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും തുടങ്ങി എല്ലാ വര്‍ഗീയ ശക്തികളും സി.പി.ഐ.എമ്മിനാണ് വോട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മുസ്‌ലിം സംഘടനകള്‍ വിചാരിക്കുന്ന ആളുകളെ വിജയിക്കുകയുള്ളുവെന്നും വര്‍ഗീയ ശക്തികളുടെ വിജയമാണ്, മതപരമായി ധ്രൂവീകരണമാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഗുരുവായൂരില്‍ തോറ്റ മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിനോട് ഇനി അധികം സംസ്‌കൃത ശ്ലോകങ്ങള്‍ ഉദ്ധരിക്കാന്‍ നില്‍ക്കേണ്ടെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിച്ചാലും തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ 99 സീറ്റില്‍ വിജയിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയത്. ബാക്കിയുള്ള 41 സീറ്റില്‍ യു.ഡി.എഫ് ജയിച്ചു. സിറ്റിംഗ് സീറ്റായ നേമം പോലും കൈവിട്ട എന്‍.ഡി.എയ്ക്ക് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനായില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക