ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിക്കേറ്റ തോല്‍വിയില്‍ കനത്ത ആഘാതം നേരിടേണ്ടി വന്നിരിക്കുന്നത് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനാണ്. ‘ഗോലി മാരോ സാലോം കോ’ എന്ന അദ്ദേഹത്തിന്റെ വിദ്വേഷ മുദ്രാവാക്യമടക്കം പരാമര്‍ശിച്ചുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരന്നിരിക്കുന്നത്. ബി.ജെ.പിക്കുള്ളില്‍ തന്നെ വിമര്‍ശനശരങ്ങളും അനുരാഗിനെതിരെ പാഞ്ഞുവരുന്നുണ്ട്.
ഇതിനെല്ലാം കാരണമായിരിക്കുന്നത് അനുരാഗ് ഠാക്കൂറിന്റെ ലോക്‌സഭ മണ്ഡലവം ജന്മനാടുമായ ഹമീര്‍പൂരില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയമാണ്. ഹമീര്‍പൂര്‍ പരിധിയില്‍ വരുന്ന ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി തോല്‍ക്കുകയായിരുന്നു. സുജന്‍പൂരിലും ബര്‍സറിലും ബൊറാഞ്ചിലും നാദാവുണിലും കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ ഹമീര്‍പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്.
അനുരാഗ് ഠാക്കൂര്‍ ജനിച്ചു വളര്‍ന്ന ഹമീര്‍പൂരില്‍ വന്‍തോതിലുള്ള പ്രചാരണപരിപാടികളായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നത്. അനുരാഗ് ഠാക്കൂറിന്റെ പിതാവും ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയുമായ പ്രേം കുമാര്‍ ധുമലിന്റെ പ്രവര്‍ത്തനങ്ങളടക്കം ഉയര്‍ത്തിയായിരുന്നു ഈ പ്രചരണമെന്ന് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
അതുകൊണ്ട് തന്നെ, സ്വന്തം ബൂത്തില്‍ നിന്ന് പോലും ജയിക്കാന്‍ കഴിയാത്തതാണോ കൊട്ടിഘോഷിക്കപ്പെടുന്ന ബി.ജെ.പി തരംഗത്തിന്റെ ശക്തിയെന്ന പരിഹാസമാണ് കോണ്‍ഗ്രസ്, ആം ആദ്മി എം.പിമാര്‍ ഉയര്‍ത്തുന്നത്.
‘അനുരാഗ് ഠാക്കൂറിന്റെ ജില്ലയില്‍ ബി.ജെ.പി അഞ്ച് സീറ്റിലും തോറ്റു. അദ്ദേഹത്തിന് സ്വന്തം ബൂത്തിനെ പോലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അതാണ് ഈ പറയുന്ന ബി.ജെ.പി തരംഗത്തിന്റെ അവസ്ഥ,’ എന്നാണ് എ.എ.പി എം.എല്‍.എ നരേഷ് ബല്യാന്‍ ട്വീറ്റ് ചെയ്തത്.
‘ഗോലി മാരോ’ വാല അനുരാഗ് ഠാക്കൂറിന്റെ ഹമീര്‍പൂരില്‍ ബി.ജെ.പി വലിയൊരു വട്ടപ്പൂജ്യമായിരിക്കുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗൗരവ് പാന്ദിയുടെ ട്വീറ്റ്.
അനുരാഗ് ഠാക്കൂര്‍ കഴിഞ്ഞാല്‍ പിന്നീട് പരാജയഭാരം കൊണ്ട് തല കുനിഞ്ഞിരിക്കുന്നത് ബി.ജെ.പി അധ്യക്ഷനായ ജെ.പി.നദ്ദയാണ്. സ്വന്തം സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ നിന്നും പുറത്തായതാണ് നദ്ദക്ക് തിരിച്ചടിയായിരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മനാടായ ബിലാസ്പൂരിലെ മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിച്ചെങ്കിലും നേരിയ ഭൂരിപക്ഷത്തിലായിരുന്നു ഇതെന്നതും നദ്ദക്ക് പരാജയത്തിന് തുല്യമായ നാണക്കേട് നല്‍കുന്നുണ്ട്.
ഹിമാചലില്‍ ഭരണവിരുദ്ധ വികാരത്തിനും കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടികള്‍ക്കുമൊപ്പം തന്നെ ബി.ജെ.പിയിലെ വിമതരും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ആകെയുള്ള 68 മണ്ഡലങ്ങളില്‍ 21ലും ബി.ജെ.പി വിമതരും മത്സരിച്ചിരുന്നു. ഇവര്‍ രണ്ട് സീറ്റുകളിലെ ജയിച്ചുള്ളുവെങ്കിലും ഓരോ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കും വോട്ട് നഷ്ടപ്പെടുന്നതില്‍ ഇത് കാരണമായിരുന്നു.
സംസ്ഥാനത്തെ പരാജയത്തിന് പിന്നാലെ നദ്ദക്കും അനുരാഗ് ഠാക്കൂറിനുമെതിരെ ബി.ജെ.പി അനുകൂലികളും പ്രവര്‍ത്തകരും തന്നെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുന്നയിച്ച് എത്തിയിരുന്നു. നദ്ദയും അനുരാഗ് ഠാക്കൂറും മുഖ്യമന്ത്രിയായിരുന്ന ജയ്‌റാം താക്കൂറും ബി.ജെ.പിയെ പിളര്‍ത്തിയെന്നും മൂന്ന് ഗ്രൂപ്പുകളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നുമാണ് ഇവര്‍ പറയുന്നത്. ബി.ജെ.പിയിലെ ഗ്രൂപ്പിസത്തെ കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം പ്രവര്‍ത്തകരുടെ അച്ചടക്കമില്ലായ്മ പരിഹരിക്കുമെന്ന വമ്പന്‍ പ്രസ്താവനയുമായി നദ്ദ രംഗത്തെത്തിയിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും ഹിമാചലിലെ പാര്‍ട്ടി പ്രശ്‌നങ്ങളെ അടക്കിനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മോദിയുടെ വ്യക്തിപ്രഭാവവും അമിത് ഷായുടെ ചാണക്യതന്ത്രവും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ ചാക്കിട്ടുപിടിച്ചതുമെല്ലാം ഉപയോഗിച്ച് ഭരണത്തുടര്‍ച്ച നേടാമെന്ന് ആഗ്രഹിച്ചായിരുന്നു ബി.ജെ.പി ഇപ്രാവശ്യം ഹിമാചലില്‍ കളത്തിലിറങ്ങിയിരുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും ബി.ജെ.പിക്ക് വിജയം പ്രവചിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും മാറി മാറി പരീക്ഷിക്കുന്ന ഹിമാചല്‍ പ്രദേശ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഹിമാചലിലെ നിയമസഭാ പരാജയം കഴിഞ്ഞ വര്‍ഷം ഏറ്റുവാങ്ങിയ മറ്റൊരു പരാജയത്തിന്റെ കയ്പ്പുള്ള ഓര്‍മ കൂടി ബി.ജെ.പിയില്‍ ഉണര്‍ത്തുന്നുണ്ട്.
2021 നവംബറില്‍ സംസ്ഥാനത്തെ മൂന്ന് നിയമസഭാ സീറ്റുകളിലേക്കും മണ്ഡി ലോക്‌സഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ നാലിടത്തും കോണ്‍ഗ്രസായിരുന്ന വിജയിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമസഭയില്‍ 2017ലെ 44 സീറ്റുകളില്‍ നിന്നും 25 സീറ്റുകളിലേക്ക് ചുരുങ്ങിയ പ്രകടനവും വന്നിരിക്കുന്നത് എന്നതാണ് ബി.ജെ.പിയുടെ പരാജയത്തിന്റെ ആഘാതം കൂട്ടുന്നത്.
Content Highlight: BJP President J P Nadda and Union Minister Anurag Thakur under fire after BJPs defeat in Himachal Pradesh