ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ കീറിയ ചെരുപ്പിനോടുപമിച്ച് ബി.ജെ.പി. പ്രസിഡന്റ്; വിമര്‍ശനവുമായി ഡി.എം.കെ
national news
ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ കീറിയ ചെരുപ്പിനോടുപമിച്ച് ബി.ജെ.പി. പ്രസിഡന്റ്; വിമര്‍ശനവുമായി ഡി.എം.കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 9:32 am

ചെന്നൈ: ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ കീറിയ ചെരുപ്പിനോട് ഉപമിച്ച് തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ. തമിഴിന് വേണ്ടി പോരടിയ രക്തസാക്ഷികളെ അവഹേളിക്കുന്നതാണ് അണ്ണാമലൈയുടെ പരാമര്‍ശമെന്ന് ഡി.എം.കെ. വിമര്‍ശിച്ചു.

‘1980ല്‍ ആരോ പറഞ്ഞതിനെ ഇപ്പോഴും ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഹിന്ദി-സംസ്‌കൃതം, വടക്ക്-തെക്ക്, പഴകിത്തേഞ്ഞ ചെരുപ്പുകള്‍ പോലെ അവര്‍ ഇതൊക്കെ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അവരെന്ന് ഞാന്‍ ഉദ്ദേശിച്ചത് ഡി.എം.കെയെയാണ്. ശ്രീപെരുംപുത്തൂരിലെ ജനങ്ങള്‍ ഇക്കാര്യം മനസിലാക്കണം’ ശനിയാഴ്ച പൊതുപരിപാടിയില്‍ പങ്കെടുക്കവെ അണ്ണാമലൈ പറഞ്ഞു.

‘തമിഴിന് വേണ്ടി പോരാടിയവരെ അണ്ണാമലൈ അപമാനിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പോരാടിയ വലിയ ചരിത്രമാണ് തമിഴ്‌നാട്ടിനുള്ളത്’ അണ്ണാമലൈയുടെ പരാമര്‍ശത്തിനെതിരെ ഡി.എം.കെ വക്താവ് ശരവണന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ‘എന്തുകൊണ്ട് മോദി ഈ വിഷയത്തില്‍ അപലപിച്ചില്ല. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ അണ്ണാമലൈ കീറിയ ചെരുപ്പിനോടാണ് ഉപമിച്ചത്’ ശരവണന്‍ പറഞ്ഞു.

അതേസമയം, അണ്ണാമലൈയുടെ പ്രസ്താവന വിഡ്ഢിത്തമാണെന്ന് എ.ഐ.എ.ഡി.എം.കെ പറഞ്ഞു.

‘ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ അപമാനിച്ചത് അദ്ദേഹത്തിന്റെ സ്വഭാവം മാത്രമാണ്. ഹിന്ദി പഠിച്ചവര്‍ എന്തിനാണ് ഇവിടെ ജോലിക്ക് വരുന്നത് എന്ന് അണ്ണാമലയോട് ചോദിക്കേണ്ടതാണ്. എന്നാല്‍ തമിഴും ഇംഗ്ലീഷും പഠിച്ചവര്‍ വിദേശത്തോ ഐ.എസ്.ആര്‍.ഓയിലോ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) പോയി വലിയ ഡോക്ടര്‍മാരാവുകയാണ്. അണ്ണാമലൈയുടെ വാക്കുകള്‍ മണ്ടത്തരമായി മാത്രമേ എനിക്ക് കാണാനാകൂ, എ.ഐ.എ.ഡി.എം.കെ എം.എല്‍.എ സെല്ലൂര്‍ രാജു പറഞ്ഞു.

Content Highlight: BJP President Annamalai insults Anti Hindi agitation as Torn Slippers