| Saturday, 10th September 2022, 9:33 am

അബ്ദുള്ളക്കുട്ടിയെ മാറ്റി; 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി; കേരളത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം സജ്ജമാക്കി ബി.ജെ.പി. കേരളമടക്കം 15 സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവരെ പുനര്‍നിശ്ചയിച്ചു.

കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള പ്രഭാരിയായി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറെ നിയോഗിച്ചു. ലക്ഷദ്വീപിന്റെ പ്രഭാരിയായും ഡോ. രാധാ മോഹന്‍ അഗര്‍വാള്‍ പ്രവര്‍ത്തിക്കും. നിലവില്‍ ലക്ഷദ്വീപിന്റെ ചുമതലയുണ്ടായിരുന്ന ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയെ മാറ്റിയാണ് പാര്‍ട്ടി നടപടി.

ജാവദേക്കര്‍ ഈ മാസാവസാനം കേരളം സന്ദര്‍ശിക്കും. സംസ്ഥാനത്ത് ബി.ജെ.പിയുടെ സാന്നിധ്യം വിപുലീകരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സംസ്ഥാന നേതാക്കളുമായും പ്രവര്‍ത്തകരുമായും ചേര്‍ന്ന് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗം ഡോ. രാധാ മോഹന്‍ അഗര്‍വാള്‍ കേരളത്തിന്റെ സഹപ്രഭാരിയാണ്. നിലവില്‍ തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണനായിരുന്നു കേരളത്തിന്റെ പ്രഭാരി.

ദക്ഷിണേന്ത്യയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട്, ഹൈദരാബാദില്‍ ചേര്‍ന്ന ബി.ജെ.പി.
ദേശീയ നിര്‍വാഹകസമിതി യോഗം അംഗീകരിച്ച മിഷന്‍ ദക്ഷിണേന്ത്യ കര്‍മപരിപാടിയുടെ ഭാഗമായാണ് മുതിര്‍ന്ന കേന്ദ്ര നേതാക്കളെ സംസ്ഥാനങ്ങളുടെ ചുമതലയില്‍ നിയോഗിക്കുന്നത്. ജാവദേക്കറിനൊപ്പം കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായ മഹേഷ് ശര്‍മയ്ക്ക് ത്രിപുരയുടെ ചുമതല ലഭിച്ചു. ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍ തെലങ്കാനയുടെ സഹപ്രഭാരിയാകും.

വിജയ് രൂപാണി(ഗുജറാത്ത്), ബിബ്ലവ് കുമാര്‍ ദേബ്(ത്രിപുര) എന്നിവര്‍ക്കും പുതിയ ചുമതലകള്‍ ലഭിച്ചു.
രൂപാണിക്ക് പഞ്ചാബിന്റെ മേല്‍നോട്ടം ലഭിച്ചപ്പോള്‍ ബിബ്ലവിന് ഹരിയാനയുടെ ചുമതല ലഭിച്ചു.

CONTENT HIGHLIGHTS:  BJP prepares for 2024 Lok Sabha elections; Prakash Javadekar is in charge of Kerala

We use cookies to give you the best possible experience. Learn more