ബംഗളുരു: രാംനഗരത്തിലെ പോളിങ് ബൂത്തില്‍ പാമ്പ്. പാമ്പിനെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വോട്ടെടുപ്പ് അല്പസമയം തടസപ്പെട്ടു.
രാംനഗരത്തിലെ മൊട്ടേഡോഡിയിലെ 179ാം ബൂത്തിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പുറത്തേക്ക് നീക്കിയശേഷമാണ് വോട്ടെടുപ്പ് തുടര്‍ന്നത്.
അതിനിടെ, രാംനഗര നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്തുകളില്‍ ബി.ജെ.പിയുടെ പോളിങ് ഏജന്റിനെ പ്രവേശിപ്പിച്ചില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖരര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനാലാണ് ബി.ജെ.പി ഏജന്റുമാരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ പോളിങ് ബൂത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയത്.
സംസ്ഥാന ബി.ജെ.പി നേതൃത്വം സഹകരിക്കുന്നില്ലെന്നും താല്‍പര്യം കാണിക്കുന്നില്ലെന്നും ആരോപിച്ചാണ് എല്‍ ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്. ജയം ഉറപ്പായതോടെ രാമനഗരയില്‍ തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത് ജെ.ഡി.എസ് നിര്‍ത്തിവെച്ചിരുന്നു.
രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പോളിങ്ങ് നടക്കുക. 6450 പോളിങ്ങ് ബൂത്തുകളിലായി 5454275 വോട്ടര്‍മാരാണുള്ളത്. 5 മണ്ഡലങ്ങളിലായി 31 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ജെ.ഡി.എസ്. സഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാന പോരാട്ടം.
ജാംഖണ്ടി, ബല്ലാരി, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ശിവമോഗ്ഗ , രാമനാഗര, മാന്ധ്യ എന്നിവിടങ്ങളില്‍ ജെ.ഡി.എസുമാണ് മത്സരിക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് ഇലക്ഷനിലെ ഇരുപാര്‍ട്ടികളുടെയും ബന്ധത്തെ നിര്‍ണ്ണയിക്കുന്നത് കൂടിയാവും ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍.
നിലവില്‍ കര്‍ണാടക ഭരിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ താഴെ വീഴും എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. വോട്ടെണ്ണല്‍ നവംബര്‍ ആറ് ചൊവ്വാഴ്ച നടക്കും.