| Tuesday, 25th February 2020, 9:51 am

'രാജ്യനിര്‍മ്മിതിക്ക് നെഹ്‌റു സ്വീകരിച്ച തെറ്റായ നയങ്ങള്‍, ബി.ജെ.പി ചിഹ്നമായ താമര വരക്കുക'; പരീക്ഷ ചോദ്യ പേപ്പറിനെതിരെ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര വരക്കാനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യ നിര്‍മ്മിതിക്ക് വേണ്ടി സ്വീകരിച്ച നാല് തെറ്റായ നയങ്ങള്‍ വിവരിക്കുന്നതും ആവശ്യപ്പെട്ടുകൊണ്ടുള്ള പരീക്ഷ ചോദ്യപേപ്പറിനെതിരെ പ്രതിഷേധം ശക്തമാവുന്നു. മണിപ്പൂരിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്ലസ് ടു പരീക്ഷയിലായിരുന്നു ഈ ചോദ്യങ്ങള്‍.

എന്നാല്‍ ചോദ്യപേപ്പറില്‍ ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ സംസ്ഥാനത്തെ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. നാല് മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങളാണിത്. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.

‘ചോദ്യം തെരഞ്ഞെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ഇതുമായി ബന്ധപ്പെട്ട അതോറിറ്റിയാണ് ചോദ്യ പേപ്പര്‍ തയ്യാറാക്കിയത്.’ ബി.ജെ.പി വക്താവ് പറഞ്ഞു.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.എച്ച് ജോയ്കിഷാന്‍ രംഗത്തെത്തിയിരുന്നു. ഈ ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു പ്രത്യേക തരം മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു.

‘പാര്‍ട്ടി സിസ്റ്റം ഓഫ് ഇന്ത്യ’ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി പരീക്ഷ കണ്‍ട്രോളറാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് ഹയര്‍സെക്കണ്ടറി വിദ്യഭ്യാസ കൗണ്‍സിലര്‍ എല്‍ മഹേന്ദ്ര സിംഗ് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more