| Wednesday, 21st November 2018, 9:28 pm

ടാര്‍ഗെറ്റ് വരാണസി; വരാണസിയില്‍ അയോധ്യ മോഡലുമായി ബി.ജെ.പി, നിരവധി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച സമാനമായ സാഹചര്യങ്ങള്‍ വരാണസിയിലും സൃഷ്ടിച്ച് ബി.ജെ.പിയും സംഘപരിവാറും. 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തുടങ്ങിയ ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും ആധിപത്യ രാഷ്ട്രീയത്തിന്റെ നീണ്ട അജണ്ടയുടെ പരിണാമവും പ്രവര്‍ത്തനരീതിയും വിശകലനം ചെയ്യുകയാണ് ഫ്രണ്ട്ലൈനിന്റെ “Target Varanasi” എന്ന റിപ്പോര്‍ട്ട്. ഇത് ഒരു ട്രെയ്ലര്‍ മാത്രമാണ്, കാശിയും മധുരയും ബാക്കി കിടക്കുന്നു, എന്നായിരുന്നു ബാബരി മസ്ജിദ് തകര്‍ത്ത ശേഷം കര്‍ സേവകരുടെ മുദ്രാവാക്യം .രണ്ടര പതിറ്റാണ്ടുകള്‍ക്കിപ്പുറം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ വാരണസിയില്‍, പ്രത്യേകിച്ച് കാശിവിശ്വനാഥ ക്ഷേത്രത്തേയും ജ്ഞാന്‍വ്യാപി പള്ളിയേയും കേന്ദ്രീകരിച്ച് നടക്കുന്ന സംഭവവികാസങ്ങള്‍ സംഘപരിവാര്‍ അന്ന് പറഞ്ഞു വെച്ച അജണ്ടയുടെ പ്രാവര്‍ത്തികരൂപമാണെന്ന് പ്രസ്താവിക്കുകയാണ് വെങ്കിട്ട് രാമകൃഷ്ണനും പൂര്‍ണ്ണിമ എസ്. തൃപാടതിയും തങ്ങളുടെ റിപ്പോര്‍ട്ടിലൂടെ.

പ്രൊജക്ട് ടാര്‍ഗെറ്റ് വരാണസി എന്ന പദ്ധതി പ്രകാരം വിശ്വനാഥ ക്ഷേത്രവും ജ്ഞാന്‍വ്യാപി പള്ളിയും ഇരിക്കുന്ന സ്ഥലത്തെ ചെറിയ അമ്പലങ്ങളടക്കമുള്ള ചരിത്രപ്രധാനമായ നൂറോളം നിര്‍മ്മിതികള്‍ ഇടിച്ചുനിരത്തി സ്ഥലത്ത് പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് സംഘപരിവാര്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1991-92 കാലഘട്ടത്തില്‍ ഗുജറാത്തിലെ കല്യാണ്‍ സിങ് സര്‍ക്കാരും സമാനരീതിയില്‍ ബാബരി മസ്ജിദിന്റെ പരിസരത്തെ 2.77 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഈ രണ്ടര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ചെറിയ അമ്പലങ്ങളും നിര്‍മ്മിതികളും ആധുനികവല്‍കരണത്തിന്റേയും സൗന്ദര്യവല്‍കരണത്തിന്റെയും പേരു പറഞ്ഞ് അന്നത്തെ സര്‍ക്കാര്‍ പൊളിച്ചു മാറ്റുകയായിരുന്നു. എന്നാല്‍ രാമക്ഷത്ര നിര്‍മ്മാണമായിരുന്നു സ്ഥലമേറ്റെടുപ്പിന് പിന്നിലെന്ന് സംഘപരിവാര്‍, പ്രത്യേകിച്ച് വി.എച്ച്.പി അന്നു തന്നെ വ്യക്തമാക്കിയിരുന്നു. പൊളിച്ച അമ്പലങ്ങളുടെ കൂട്ടത്തില്‍ സൂമിത്ര ഭവന്‍, സാക്ഷി ഗോപാല്‍ മന്ദിര്‍ എന്നീ ക്ഷേത്രങ്ങളുമുണ്ടായിരുന്നു. ചെറിയ ക്ഷേത്രങ്ങള്‍ പൊളിച്ചു മാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഈ ക്ഷേത്രങ്ങളിലെ പൂജാരിമാരായ മഹന്ത് രാജ് മംഗള്‍ ദാസും മഹന്ത് റാം കൃപാല്‍ ദാസും ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. എന്നാല്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭാഗമല്ലാത്ത മഹന്തുകളുടേയും സന്തുകളുടേയും ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കി അവിടം തീവ്രഹിന്ദു പ്രവര്‍ത്തകരുടെ താവളമായി മാറുകയാണുണ്ടായത്. പിന്നീടത് ബാബരി മസ്ജിദ് തകര്‍ക്കുന്നതിലാണ് കലാശിച്ചത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ചെറിയ ക്ഷേത്രങ്ങള്‍ പൊളിക്കാനുള്ള സര്‍ക്കാരിന്റെ നയത്തെ ചോദ്യം ചെയ്ത ക്രിപാല്‍ ദാസ് പിന്നീട് അയോധ്യയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായിയും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read സുപ്രീംകോടതി വിധി വ്യത്യസ്തമാണ്, അതിലേക്ക് കടക്കുന്നില്ല; ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി പൊന്‍ രാധാകൃഷ്ണന്‍


26 വര്‍ഷങ്ങള്‍ക്കു മുമ്പ് അയോധ്യയില്‍ നടത്തിയ “ആധുനികവല്‍ക്കരണത്തിന്റേയും സൗന്ദര്യവല്‍ക്കരണത്തിന്റേയും” എല്ലാ സ്വഭാവങ്ങളും ഇന്ന് കാശിയിലെ ഭൂമി കെെയ്യേറ്റത്തിനുണ്ടെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. കഴിഞ്ഞ നാലു മാസമായി നടന്നു കൊണ്ടിരിക്കുന്ന സ്ഥലം ഏറ്റെടുപ്പില്‍ 95 താമസ്ഥലങ്ങളുള്‍പ്പടെ 165 നിര്‍മ്മിതികളാണ് ഇതു വരെ ഏറ്റെടുത്തിരിക്കുന്നത്. 250 മുതല്‍ 300 നിര്‍മ്മിതികള്‍ വരെ ഇത്തരത്തില്‍ ഏറ്റെടുത്ത് പൊളിച്ചു നീക്കുമെന്ന് ശ്രീ കാശി വിശ്വനാഥ മന്ദിര്‍ ട്രസ്റ്റ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പദ്ധതി കാരണം നൂറുകണക്കിനാളുകളാണ് വീടുകളില്ലാത്ത അവസ്ഥയില്‍ കഴിയുന്നതെന്ന് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ജാഗ്രിതി റായിയും ദിവാകറും ഫ്രണ്ട്ലൈനിനോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ട “ഗംഗ ദര്‍ശന്‍ പാത് വേ” എന്ന ഈ പദ്ധതി പ്രകാരം കാശിക്ഷേത്രത്തിനടുത്ത് നിന്നും ഗംഗാതീരത്തേക്ക് നീളുന്ന പാതയ്ക്ക് ഇരുവശവും മരങ്ങളും ബെഞ്ചുകളും, ലൈറ്റുകളും സ്ഥാപിക്കും.


Also Read ഇനിയും മാറ്റം വന്നില്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പ് തരില്ല; മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിയെണ്ണി പറഞ്ഞ് മന്‍മോഹന്‍സിംഗ്


രാജ്യത്തെ വിവിധ സ്ഥലങ്ങളുടെ മുസ്ലിം നാമങ്ങള്‍ മാറ്റി ഹിന്ദു പേരുകള്‍ നല്‍കുന്നതും പ്രൊജക്ട് ടാര്‍ഗെറ്റ് വരാണസിയുടെ ഭാഗമാണെന്ന് ലേഖനം നിരീക്ഷിക്കുന്നു. അലഹബാദിന്റെയും ഫൈസാബാദിന്റേയും ഉള്‍പ്പടെ നിരവധി സ്ഥലങ്ങളുടെ പേരുകളാണ് ഉത്തര്‍പ്രദേശില്‍ മാത്രമായി ചെറിയ കാലയളവിനുള്ളില്‍ മാറ്റിയിരിക്കുന്നത്. ബി.ജെ.പിയിലെ തന്നെ നേതാക്കളുള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ഇതിലെ മുസ്ലിം വിരുദ്ധത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്ന് ആവശ്യമുയരുകയും കേന്ദ്ര സര്‍ക്കാര്‍ അത് പരിഗണിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട് മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും സംസ്ഥാനത്ത് മുസ്ലീം വിരുദ്ധതയും ഹിന്ദു പ്രീണനവും നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗംഗ ദര്‍ശന്‍ പാത് വേ പദ്ധതിയുടെ ഭാഗമായി കാശിക്ഷേത്രവുമായി പങ്കിടുന്ന ജ്ഞാന്‍വ്യാപി പള്ളിയുടെ നാലാം നമ്പര്‍ ഗേറ്റിലെ നിര്‍മിതി പൊളിച്ചു മാറ്റിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സുന്നി വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു ഗേറ്റ് സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ അരക്ഷിതരായ പ്രദേശത്തെ മുസ്ലിംങ്ങളും പദ്ധതിയുടെ ഭാഗമായി വീടും കടകളും നഷ്ടപ്പെട്ട ഹിന്ദുക്കളും, ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ആക്ടിവിസ്റ്റുകളും സ്ഥലത്ത് തടിച്ചു കൂടിയതോടെ ഇത് പുനര്‍നിര്‍മ്മിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സൗന്ദര്യവല്‍ക്കരണത്തിന്റെ പേരിലുള്ള ഈ പദ്ധതി അയോധ്യയിലേതിന് സമാനമായ അവസ്ഥ സൃഷ്ടിക്കാനുള്ള നീക്കമായാണ് പ്രദേശത്തെ ന്യൂനപക്ഷം കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പി; ഗവര്‍ണറുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി


പദ്ധതിയുടെ ഒട്ടും സുതാര്യമല്ലാത്ത പ്രകൃതവും ഇവരുടെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. “ഇവിടെ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. കോടികള്‍ ചിലവാക്കി ഒരു കണക്കുമില്ലാതെ സ്ഥലം ഏറ്റെടുക്കുകയും പൊളിക്കുകയുമാണ് സര്‍ക്കാര്‍”- മുതിര്‍ന്ന ഹിന്ദി മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് പ്രതാപ് ഫ്രണ്ട്ലൈനിനോട് പറഞ്ഞു. പുനരധിവാസത്തെ പറ്റി ഔദ്യോഗികമായി ഒരു പ്രസ്താവനയുമില്ലാതെ, പദ്ധതിയുടെ രേഖാചിത്രം പുറത്തുവിടാതെ ഒട്ടും സുതാര്യതയില്ലാതെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

അയോധ്യയില്‍ നടന്നതു പോലെ നിരവധി ഹിന്ദുക്കളും സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ രംഗത്തത്തെിയിട്ടുണ്ട്. ക്ഷേത്രവും പള്ളിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സകല നിര്‍മ്മിതികളും, നടപ്പാതകള്‍ ഉള്‍പ്പെടെ കാശിയുടെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ പ്രദേത്തെ ഹിന്ദുക്കളും മുസ്ലിംങ്ങളും ഒരേ പോലെ എതിര്‍ത്തിട്ടും സര്‍ക്കാര്‍ തങ്ങളുടെ അജണ്ടയുമായി മുന്നോട്ടു പോവുകയാണ്. “സ്ഥലം ഏറ്റെടുക്കല്‍ 2018 ഡിസംബറോടെ പൂര്‍ത്തിയാക്കും, 2019 ഡിസംബറില്‍ പദ്ധതിയുടെ 40 ശതമാനം പണികള്‍ പൂര്‍ത്തിയാക്കും”- വരാണസി ഡെവലപ്മെന്റ് അതോറിറ്റി സെക്രട്ടറിയും ശ്രീ കാശി വിശ്വനാഥ മന്ദിര്‍ ട്രസ്റ്റിന്റെ സി.ഇ.ഒയുമായ വിശാല്‍ സിംഗ് ഫ്രണ്ട്ലൈനിനോട് പറഞ്ഞു. കാശിയിലെ യഥാര്‍ത്ഥ പ്രശ്നങ്ങളായ വൈദ്യുതിയുടെ അപര്യാപ്തത, മോശം റോഡുകള്‍, മാലിന്യ നിര്‍മ്മാണത്തിലെ അശാസ്ത്രീയ സമീപനങ്ങള്‍ എന്നിവ പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.


Also Read കുമ്മനം രാജശേഖരന് ഡോക്ടറേറ്റ്


35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ശ്രീ കാശി വിശ്വനാഥ മന്ദിര്‍ ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പിനുള്ള ചുമതല. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു ആരാധനാലയവും പൊളിക്കില്ലെന്ന് വിശാല്‍ സിംഗ് പറഞ്ഞു. അനധികൃതമായി കൈയ്യേറിയ സ്ഥലങ്ങള്‍ പിടിച്ചെടുത്ത കാശി സന്ദര്‍ശിക്കുന്നവര്‍ക്ക് വിശാലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. പൊളിച്ചു മാറ്റിയ കെട്ടിടങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുമെന്ന് അദ്ദേഹം ഫ്രണ്ട്ലെെനിനോട് പറഞ്ഞു. എന്നാല്‍ 2017 ഓഗസ്റ്റില്‍ പൊളിച്ചു മാറ്റിയ കേദര്‍നാഥ് വ്യാസിന്റെയും കുടുംബത്തിന്റേയും വീട് പൊളിച്ചു മാറ്റിയിട്ട് സര്‍ക്കാര്‍ ഇതുവരെ അവരെ പുനരിധിവസിപ്പിച്ചിട്ടെല്ലെന്ന് ജനങ്ങള്‍ പറയുന്നു. വ്യാസ് തന്റെ മകന്‍ ജിതേന്ദ്ര നാഥ് വ്യാസിന്റെ കുടുംബത്തോടൊപ്പം വാടകവീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. വീട് നഷ്ടപ്പെട്ട മറ്റ് ആളുകളും വാടക വീട്ടിലും ബന്ധു വീടുകളിലും താമസിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read പടച്ചോനെ ഓര്‍ത്ത് നീ അത് അമ്മയോട് പറയരുത്, പടിഞ്ഞാറ്റയില്‍ കയറിയത് ഒരിക്കലും പറയരുത്


പദ്ധതിക്കെതിരെ ജിതേന്ദ്ര ദാസും അഞ്ജുമാന്‍ മസ്ജിദ് എന്നയാളും സുപ്രീം കോടതിയില്‍ റിറ്റ് പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്. “ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. പദ്ധതിക്കെതിരെ സമരവുമായി ഞങ്ങള്‍ രംഗത്തെത്തിയാല്‍ അത് ബി.ജെ.പി ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നീക്കും. ഇതിനവര്‍ വര്‍ഗീയ മാനങ്ങള്‍ നല്‍കും. ഇത് നിര്‍ത്താന്‍ രണ്ടു വഴികളാണുള്ളത്, ഒന്ന് ജനങ്ങള്‍ നേരിട്ടിറങ്ങി പദ്ധതിയില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കണം, അല്ലെങ്കില്‍ സുപ്രീം കോടതി ഇടപെട്ട് സര്‍ക്കാരിന്റെ ഈ കുടില പദ്ധതി നിര്‍ത്തിക്കണം”- മുന്‍ മന്ത്രിയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നേതാവുമായ വീരേന്ദ്ര സിംഗ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more