കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുല്‍ റസാഖ് അന്തരിച്ചതോടെ, ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയ മഞ്ചേശ്വരത്ത് താമര വിരിയിക്കാന്‍ കരുക്കള്‍ നീക്കി ബി.ജെ.പി. കര്‍ണാടകയില്‍ നിന്നും വ്യാജ വോട്ടര്‍മാരെ തിരുകികയറ്റി ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പി വോട്ടര്‍മാരുടെ കര്‍ണാടകത്തിലെ ബന്ധുക്കളെയും സംഘപരിവാര്‍ അനുഭാവികളെയും വോട്ടര്‍ലിസ്റ്റില്‍ ചേര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ 6000 അപേക്ഷകളാണ് ഇത്തവണ മഞ്ചേശ്വരം താലൂക്കില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി കുടുംബങ്ങളുടെ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകളായിരുന്നു വന്ന അപേക്ഷകളില്‍ ഭൂരിഭാഗവും.
Read Also : ആരുമറിയാതെ പോകരുത്, മോദിയും കൂട്ടരും നടത്തിയ ഈ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങള്‍
വ്യാജ വോട്ടര്‍മാരെ തിരികികയറ്റാനുള്ള ബി.ജെ.പിയുടെ ശ്രമത്തിനെതിരെ മുസ്‌ലിം ലീഗും സി.പി.ഐ.എമ്മും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് പി.ബി അബ്ദുറസാഖിനോട് പരാജയപ്പെട്ട ബി.ജെ.പി ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം സംഘപരിവാര്‍ അനുഭാവികളായ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ വിജയം ഉറപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആക്ഷേപം.
അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ ഇത്തവണ കൂടുതല്‍ അപേക്ഷ വന്നു എന്നത് സത്യാമാണെന്നും അതില്‍ ന്യായവും നിയമപരവുമായ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുവെന്നും കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ സജിത്ത് ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞു. മുഴുവന്‍ അപേക്ഷകര്‍ക്കും നോട്ടീസ് നല്‍കി സംശയമുള്ള അപേക്ഷകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമേ അപേക്ഷ സ്വീകരിക്കാവു എന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
ഒരു കാരണവശാലും ഡബിള്‍ വോട്ടിംഗ് അനുവദിക്കില്ലെന്നും കൃത്യമായി പരിശോധിക്കാതെ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കില്ലെന്നും കലക്ടര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ അങ്ങനെ ഒരു സാധ്യത കാണുന്നുണ്ടെന്നും കാസര്‍ഗോഡ് എ.ഡി.എം ബിജു ഡൂള്‍ന്യൂസിനോട് പറഞ്ഞു. അപേക്ഷ തഹസില്‍ദാര്‍ പരിശോധിച്ചു വരികയാണെന്നും ഏപ്രില്‍ നാലിന് പരിശോധന പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
2018 ഒക്ടോബര്‍ 21 നായിരുന്നു എം.എല്‍.എ ആയിരുന്ന പി.ബി അബ്ദുറസാഖ് മരണപ്പെട്ടത്. പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് കോടതിയില്‍ നിലനില്‍ക്കെയായിരുന്നു റസാഖിന്റെ മരണം. തെരഞ്ഞെടുപ്പില്‍, മരിച്ചവരുടേയും വിദേശത്തുള്ളവരുടേയും കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് റസാഖിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സമന്‍സ് അയച്ചിട്ടും പലരും ഹാജരാകാത്ത സാഹചര്യത്തില്‍ കേസ് നീണ്ടു പോവുകയായിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തീരുമാനിച്ചത്. ഇതോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് പെട്ടന്ന് തന്നെ കളമൊരുങ്ങിയത്.
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജ വോട്ടര്‍മാരെ തിരുകികയറ്റി മണ്ഡലം പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും ഇത് നേരത്തേയും സംഭവിച്ചിട്ടുണ്ടെന്നും സി.പി.ഐ.എം നേതാവ് വി.പി.പി മുസ്തഫ ഡൂള്‍ന്യൂസിനോട് പറഞ്ഞു. അതിര്‍ത്തി പ്രദേശം എന്ന സാധ്യത ഉപയോഗിച്ചാണ് ഇത്തരം നീക്കം ബി.ജെ.പി നടത്തുന്നത്. ഇത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. ഒരു വ്യാജ വോട്ടുപോലും മഞ്ചേശ്വരം മണ്ഡലത്തില്‍ വീഴാതിരിക്കാന്‍ സി.പി.ഐ.എം ശ്രമിക്കും. ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മുസ്തഫ പറഞ്ഞു.
ബി.ജെ.പിയുടെ ഈ തന്ത്രം ചെലവാകില്ലെന്നും ഇത്തരം കള്ളവോട്ടിലൂടെ മണ്ഡലം പിടിക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാട്.
അതേസമയം പി.ബി അബ്ദുറസാഖ് മരിച്ചതോടെ ഒഴിവു വന്ന മണ്ഡലത്തില്‍ ഇതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. കെ.സുരേന്ദ്രന്റെ കേസ് കോടതിയില്‍ ഉള്ളതിനാല്‍ ഉപതെരഞ്ഞെടുപ്പ് വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സുരേന്ദ്രന്‍ കേസ് പിന്‍വലിച്ചതോടെ ആ തടസ്സം മാറിയിട്ടുണ്ട്.
ഒരു മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ 6 മാസത്തിനുള്ളില്‍ നടത്തണമെന്നാണു ചട്ടം. സ്പീക്കര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു കൈമാറണം. അവരതു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറിയശേഷം അവിടെ നിന്നാണു തീരുമാനം വരേണ്ടത്. 2019 ഏപ്രില്‍ അവസാനിക്കുന്നതിനു മുന്‍പ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു എന്നാല്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച യാതൊരു വിവരവും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,58,584 വോട്ടര്‍മാരായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായത് (പോളിങ് 76.19%). മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ പി.ബി.അബ്ദുല്‍ റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ.സുരേന്ദ്രന്‍ 56,781 വോട്ടു നേടി. സി.പി.ഐ.എം സ്ഥാനാര്‍ഥി സി.എച്ച്.കുഞ്ഞമ്പുവിന് 42,565 വോട്ട് ലഭിച്ചു. അതിനു മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ അബ്ദുല്‍ റസാഖ് 5828 വോട്ടിനാണ് കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
2006ല തിരഞ്ഞെടുപ്പില്‍ സി.എച്ച്.കുഞ്ഞമ്പുവിലൂടെ മണ്ഡലം സി.പി.ഐ.എം തിരിച്ചുപിടിച്ചിരുന്നു. ലീഗ് സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്ദുള്ള മൂന്നാം സ്ഥാനത്തേക്കു പോയ തെരഞ്ഞെടുപ്പില്‍ 4829 വോട്ടിനായിരുന്നു ബി.ജെ.പിയുടെ സ്ഥാനാര്‍ഥി നാരായണ ഭട്ടിനെ കുഞ്ഞമ്പു പരാജയപ്പെടുത്തിയത്. എന്നാല്‍ 2001ല്‍ ചെര്‍ക്കളം അബ്ദുള്ള 13,188 വോട്ടിന് വിജയം നേടി. അന്ന് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സി.പി.ഐഎമ്മിന്റെ എം.രമണ റായി മൂന്നാം സ്ഥാനത്തേക്കും പോയി.
1987, 1991, 1996 വര്‍ഷങ്ങളില്‍ ചെര്‍ക്കളത്തിലൂടെ മുസ്ലിം ലീഗ് മണ്ഡലം പിടിച്ചെടുത്തു. അതിനു മുന്‍പ് 1982ല്‍ സി.പി.ഐയുടെ സുബ്ബറാവു 153 വോട്ടിനു മണ്ഡലത്തില്‍ വിജയിച്ചതാണ് എല്‍.ഡി.എഫിന്റെ നേട്ടം.
1987 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിയാണു മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2011നു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. ഈ കണക്കുകളാണ് ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് പിന്നില്‍.