കേന്ദ്രം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു : ഇ.ഡി റെയ്ഡില്‍ മമത ബാനര്‍ജി
national news
കേന്ദ്രം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു : ഇ.ഡി റെയ്ഡില്‍ മമത ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 6:38 pm

കൊല്‍ക്കത്ത: പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഇ.ഡി റെയ്ഡ് കേന്ദ്രത്തിന്റെ വില കുറഞ്ഞ രാഷ്ട്രീയമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ പോലെ തെറ്റായ തീരുമാനങ്ങളിലൂടെ രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അതിനുദാഹരണമാണ് നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കലുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്കു പകരം ഭാരതമെന്നാക്കാനുള്ള നീക്കത്തെയും മമതാ ബാനര്‍ജി ശക്തമായി വിമര്‍ശിച്ചു.

‘ബി.ജെ.പി പറയുന്നത് സബ്കാ സാത്ത് സബ്കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വളര്‍ച്ചയ്ക്ക് ) എന്നാല്‍ സബ്കാ സാത് സബ്കാ സത്യനാശ് (എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും സര്‍വ്വനാശം) എന്നാണ് അര്‍ത്ഥമാക്കുന്നത്’തന്റെ വസതിയില്‍ വീട്ടില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.

കോടികളുടെ റേഷന്‍ വിതരണ അഴിമതി കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍സ് മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന്റെയും മറ്റും വസിതികളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട്ടിലും ഇ.ഡി ഇന്ന് റെയ്ഡ് നടത്തി.

‘ എന്തെല്ലാം ക്രൂരതകളും നിയമലംഘനങ്ങളുമാണ് നടക്കുന്നത്. ലോക്സഭാ ഇലക്ഷന് മുന്നോടിയായി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ.ഡി റെയ്ഡ് നടത്തി എന്ത് വൃത്തികെട്ട രാഷ്ട്രീയ കളിയാണ് ബി.ജെ.പി കളിക്കുന്നത്. എനിക്ക് ചോദിക്കാനുള്ളത് ഒരു ബി.ജെ.പി നേതാവിന്റെ വീട്ടിലെങ്കിലും ഇത്തരം റെയ്ഡ് നടന്നോ?’ മമത ബാനര്‍ജി ചോദിച്ചു.

കൊല്‍ക്കത്തയിലെ വസതികളില്‍ നടത്തിയ പരിശോധനകളില്‍ മല്ലിക്കിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇ.ഡിക്കും ബി.ജെ.പിക്കുമെതിരെ പൊലീസ് കേസെടുക്കുമെന്നും അവര്‍ മുന്നിയിപ്പ് നല്‍കി.

Content highlight: BJP playing dirty political game: Mamata Banerjee on ED raids