ന്യൂദല്‍ഹി: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ ബി.ജെ.പി ബുള്‍ഡോസര്‍ രാഷ്ട്രീയം (ബുള്‍ഡോസര്‍ പൊളിറ്റിക്‌സ്) കളിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി.
അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയ കൗണ്‍സിലര്‍മാര്‍ക്കെതിരെയാണ് ആദ്യം നടപടിയെടുക്കേണ്ടെതെന്നും എ.എ.പി പറഞ്ഞു.
’50 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന 1,750 അനധികൃത കോളനികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതാണ് ബുള്‍ഡോസര്‍ രാഷ്ട്രീയം. ഇത്രയധികം ആളുകളെ കിടപ്പാടമില്ലാത്തവരാക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്.
ഇതിന് പുറമെ, പത്ത് ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ജെ.ജെ ക്ലസ്റ്ററുകളുടെ 860 കോളനികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ ദല്‍ഹിയൊന്നാകെ തകരും,’ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ദല്‍ഹിയിലെ ബി.ജെ.പിയുടെ കഴിഞ്ഞ 17 വര്‍ഷത്തെ ഭരണത്തില്‍ കൗണ്‍സിലര്‍മാരും എഞ്ചിനീയര്‍മാരും അഴിമതിയിലൂടെ പണം സമ്പാദിച്ചതായും അദ്ദേഹം ആരോപിച്ചു.
‘ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്ന് ഞാന്‍ ബി.ജെ.പിയോട് പറയുകയാണ്. നിങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാഗ്രമുണ്ടെങ്കില്‍ ഇത്തരം നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയ എഞ്ചിനീയര്‍മാര്‍, മേയര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ കെടുകാര്യസ്ഥത പരിഹരിക്കുക,’ സിസോദിയ പറഞ്ഞു.
‘ഞങ്ങള്‍ ആളുകള്‍ക്ക് വീട് നല്‍കാന്‍ ശ്രമിക്കുകയാണ്, ബി.ജെ.പി അവരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ആട്ടിപ്പായിക്കുകയാണ്,’ സിസോദിയ പറഞ്ഞു.
ദല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ ഫ്‌ളാറ്റുകളില്‍ അധിക ബാല്‍ക്കണിയോ മുറിയോ നിര്‍മിച്ചവര്‍ക്കും നോട്ടീസ് നല്‍കിയതായി സിസോദിയ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: BJP playing bulldozer politics, entire Delhi will collapse in this way: Manish Sisodia