തിരുവനന്തപുരം: കേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ച് ജന സമ്പര്‍ക്ക പരിപാടികളുമായി ബി.ജെ.പി രംഗത്ത്. ഇതിന്റെ ഭാഗമായി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വീടുകളും സഭാ നേതാക്കളെയും സന്ദര്‍ശിച്ചിരിക്കുകയാണ് പാര്‍ട്ടി നേതാക്കള്‍. ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മോദി മിത്രമെന്ന പേരില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് ക്രിസ്ത്യന്‍ ഭവന സന്ദര്‍ശനം നടത്തണമെന്ന് ബി.ജെ.പി നേരത്തെ തീരുമാനിച്ചിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ‘നന്ദി മോദി’ ക്യാമ്പയിനും സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ച് നരേന്ദ്ര മോദിയുടെ ഈസ്റ്റര്‍ ആശംസ കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ക്രിസ്തുമസ് കാലത്തും നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ‘സ്‌നേഹ സംവാദമെന്ന’ പേരില്‍ ക്രിസ്ത്യന്‍ ഗൃഹ സന്ദര്‍ശന പരിപാടികള്‍ ബി.ജെ.പി നടപ്പിലാക്കിയിരുന്നു. രാജ്യത്തുടനീളം ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സഭയ്ക്കകത്തും വിശ്വാസികള്‍ക്കിടയിലും ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് പ്രീണന നടപടികളുമായി ബി.ജെ.പി രംഗത്തെത്തുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങിലടക്കം പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിലും നടപ്പാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി.ജെ.പിയുടെയും മോദിയുടെയും പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇതിനുള്ള ശ്രമങ്ങള്‍ സംഘപരിവാരം നടത്തുന്നുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ദല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്ത്രീഡല്‍ സന്ദര്‍ശിക്കാനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നിലെ കാരണവും ഇതുതന്നെയാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ നടന്നിട്ടുള്ള അക്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം പദ്ധതികളെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
കര്‍ണാടകയിലും ഗുജറാത്തിലും ദല്‍ഹിയിലും യുപിയിലുമടക്കം ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. 2014ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത് മുതല്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ വലിയ വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2022 ലെ ആദ്യപാദത്തില്‍ മാത്രം 300നടുത്ത് ആക്രമണങ്ങള്‍ ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ച് നടന്നിട്ടുണ്ടെന്ന് ഔട്ട് ലുക്ക് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ലും സ്ഥിതി വ്യത്യസതമല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ചാണ് ക്രിസ്ത്യന്‍ വിദ്യാലയങ്ങള്‍ക്കെതിരെയും പുരോഹിതര്‍ക്കെതിരെയും പള്ളികള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇടക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ലവ് ജിഹാദ് വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ നടത്തിയ പരാമര്‍ശങ്ങളെ പരമാവധി മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചിട്ടുള്ളത്. കാസ പോലുള്ള സംഘടനകളുടെ മറവില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ വര്‍ഗീയ മുതലെടുപ്പിനും പാര്‍ട്ടി കാര്യമായി ശ്രമിക്കുന്നുണ്ട്.
കേരളത്തില്‍ വര്‍ധിച്ച് വരുന്ന ഇസ്‌ലാമോഫോബിയയെ പരമാവധി മുതലെടുക്കാനും ഉത്തരേന്ത്യയിലടക്കം പരീക്ഷിച്ച് വിജയിച്ച തന്ത്രം ഇവിടെ നടപ്പിലാക്കാനുമാണ് അവരുടെ ശ്രമം. ഇതിനായി ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍. ഹൈദരാബാദില്‍ മോദി വിളിച്ച് ചേര്‍ത്ത യോഗത്തിലും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള തീരുമാനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്.
മോദിയുടെ പള്ളി സന്ദര്‍ശനവും സംസ്ഥാനത്തെ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പാളിപ്പോയ മലയാറ്റൂര്‍ മല കയറ്റവുമൊക്കെ ഇതിനോടൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ്.
ഇതിന് തുടര്‍ച്ചയായാണ് കേരളത്തിലെ സഭാനേതൃത്വത്തെ സന്ദര്‍ശിക്കാനുള്ള നീക്കങ്ങള്‍ക്ക് ബി.ജെ.പി തുടക്കം കുറിച്ചത്. സംസ്ഥാന നേതാക്കള്‍ക്ക് പുറമെ ദേശീയ നേതാക്കളുടെ നേതൃത്വത്തിലാണ് പുരോഹിതരുമായുള്ള കൂടിക്കാഴ്ച്ച. സഭയ്ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങളില്‍ സഭയെ അനുനയിപ്പിക്കാനുള്ള നീക്കമായും ഇതിനെ കാണാവുന്നതാണ്.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദദുള്ള കുട്ടി, നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരാണ് ഈസ്റ്ററിന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചത്. റബറിന് 300 രൂപയാക്കിയാല്‍ മലയോര മേഖലയില്‍ നിന്ന് ബി.ജെ.പിക്കൊരു കേന്ദ്ര പ്രതിനിധിയെ തരുമെന്ന പാംപ്ലാനിയുടെ പ്രസ്താവന ബി.ജെ.പി ക്യാമ്പിനും പ്രതീക്ഷ നല്‍കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായിട്ട് കൂടിയാണ് സന്ദര്‍ശനത്തിന് ബി.ജെ.പി മുന്‍കൈയ്യെടുത്തത്. സന്ദര്‍ശനത്തിന് പിന്നാലെ പുറത്തിറക്കിയ ഇടയലേഖനത്തില്‍ കേരളത്തിലെ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍പ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ കരുതിയിരിക്കണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്താണെങ്കില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും, വി.വി രാജേഷും അടങ്ങുന്ന സംഘമാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ സന്ദര്‍ശിച്ചത്. സൗഹൃദ സന്ദര്‍ശനമാണെന്നും ഈസ്റ്റര്‍ ആശംസയറിയിക്കാന്‍ എത്തിയതാണെന്നുമാണ് നേതാക്കളുടെ വിശദീകരണം. അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ താമരശ്ശേരി ബിഷപ്പുമായും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.
അതേസമയം ബി.ജെ.പിയുടെ നീക്കത്തിനെതിരെ ക്രൈസ്തവ സംഘടനകള്‍ക്കിടിയല്‍ തന്നെ വിമര്‍ശനമുയരുന്നുണ്ട്. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങളില്‍ ബി.ജെ.പിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന ആരോപണവുമായി ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ രംഗത്തെത്തി. ദല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവരോടുള്ള ബി.ജെ.പി സമീപനം എന്താണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് ക്രിസ്തീയ സഭകളുടെ പള്ളികള്‍ ആക്രമിക്കപ്പെടുകയാണെന്നും അതിനെ അപലപിക്കാന്‍ ബി.ജെ.പി തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ പ്രീണന നയത്തെ ക്രിസ്ത്യാനികള്‍ സംശയത്തോടെ കാണുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: BJP plans to gain Christian votes in