ന്യൂദല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ബി.ജെ.പി 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി. ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) വികസിപ്പിക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് അവര്‍.
ആന്ധ്രാപ്രദേശിലെ തെലുഗ് ദേശം പാര്‍ട്ടിയെയും കര്‍ണാടകയിലെ ജെ.ഡി.എസിനേയും എന്‍.ഡി.എയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പിയുടെ ശ്രമം. അതേസമയം, എന്‍.ഡി.എയില്‍ ചേരുമെന്ന വാര്‍ത്തകളെ ജെ.ഡി.എസ് കേരളാ ഘടകം നിഷേധിച്ചിട്ടുണ്ട്.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുതിയ കക്ഷികളെ ചേര്‍ക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ വ്യക്തമാക്കിയിരുന്നു. ആന്ധ്രയില്‍ നിലനില്‍പ്പ് ഭീഷണിയിലായ ടി.ഡി.പിയെ പോലെ, കര്‍ണാടക തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ജനതാദള്‍ എസിനും ഉണ്ടായിരിക്കുന്നത്.
കര്‍ഷക സമരത്തിന് പിന്നാലെ എന്‍.ഡി.എ വിട്ട അകാലിദളിനേയും തിരിച്ചെത്തിക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നുണ്ട്. 224 സീറ്റുകളില്‍ വെറും 19ല്‍ മാത്രമാണ് ജെ.ഡി.എസ് ജയിച്ചത്. രാഷ്ട്രീയഭാവി പ്രതിസന്ധിയിലായ നിലയിലാണ് അവരെങ്കിലും കര്‍ണാടകയിലെ നാല് ജില്ലകളില്‍ അവര്‍ക്കുള്ള സ്വാധീനത്തിലാണ് ബി.ജെ.പി കണ്ണുവെക്കുന്നത്.
2006ല്‍ ജെ.ഡി.എസുമായി സഖ്യത്തിലായിരുന്ന ബി.ജെ.പി പിന്നീട് അവര്‍ക്ക് ജയിക്കാവുന്ന ഏക സംസ്ഥാനമാക്കി കര്‍ണാടകയെ മാറ്റിയിരുന്നു. 2006ലെ സഖ്യസര്‍ക്കാരില്‍ കുമാരസ്വാമി മുഖ്യമന്ത്രിയും യെദിയൂരപ്പ ഉപമുഖ്യമന്ത്രിയുമായിരുന്നു. എന്നാല്‍ ധാരണപ്രകാരം അധികാരം പങ്കുവെക്കാന്‍ കുമാരസ്വാമി തയ്യാറാകാതിരുന്നതാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്.
ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിനിടെ പ്രതിപക്ഷം ഒറ്റക്കെട്ടായി റെയില്‍വേ മന്ത്രിയുടെ രാജിക്കായി വാദിച്ചപ്പോള്‍, ജെ.ഡി.എസ് സ്ഥാപകനേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ അശ്വിനി വൈഷ്ണവിനെ ശക്തമായി ന്യായീകരിക്കുകയായിരുന്നു. പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനും അദ്ദേഹം പോയിരുന്നു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വിളിച്ച പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ദേവഗൗഡ അറിയിച്ചിരുന്നു. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സഖ്യം സാധ്യമല്ലെന്നും ഒരിക്കലെങ്കിലും ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടാത്തവര്‍ ആരുമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
Content Highlights: bjp plans to develop NDA and win 2024 lok sabha election