| Saturday, 5th September 2020, 6:06 pm

'രാമക്ഷേത്ര നിര്‍മ്മാണത്തിന് വെള്ളി ശിലകൊണ്ടുള്ള രഥയാത്രകള്‍'; മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ഫലം കാണുമോ ബി.ജെ.പിയുടെ പുതിയ പ്രചരണായുധം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രധാന പ്രചരണായുധമാകാന്‍ സാധ്യതയുള്ള വിഷയമാണ് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല.

തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണം പ്രധാനമായും വികസനപ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ബി.ജെ.പി ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ മധ്യപ്രദേശില്‍ രാംശില പൂജന്‍ രഥയാത്രകള്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

രഥയാത്രയുടെ ഭാഗമായി വെള്ളി പൂശിയ ശിലകള്‍ നിയോജക മണ്ഡലങ്ങളിലുടനീളം പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ മണ്ഡലങ്ങളിലെ ഓരോ ചെറിയ ഗ്രാമത്തിലും രഥയാത്ര എത്തുമെന്നും അവിടെ പൂജ ചെയ്ത ശിലകള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശേഖരിക്കാനും സാധ്യതയുണ്ടെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന് മുന്നോടിയെന്നോണം മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ ബി.ജെ.പി നേതാവായ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തന്‍ ഗോവിന്ദ് രാജ്പുത്തിന്റെ നേതൃത്വത്തില്‍ രഥയാത്ര സംഘടിപ്പിക്കുകയുണ്ടായി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്പുത്തിന്റെ നേതൃത്വത്തില്‍ രഥയാത്ര നടന്നത്. സാഗര്‍ ജില്ലയിലെ സുരാഖി നിയോജമണ്ഡലത്തിലൂടെ ഈ യാത്ര കടന്നുപോയിരുന്നു.

അതേസമയം വരും ദിവസങ്ങളില്‍ രഥയാത്ര പ്രചരണങ്ങള്‍ സജീവമാകാനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെ ഈ ദൗത്യം പൂര്‍ത്തിയാക്കും. ഏകദേശം 11 ദിവസത്തോളം രഥയാത്ര നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രഥയാത്രയെപ്പറ്റി ബി.ജെ.പി ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങള്‍ വികസനത്തിലൂന്നിയ പ്രചരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് ദേശീയ വൃത്തത്തിന്റെ മറുപടി.

‘പൊതുജനങ്ങള്‍ക്കിടയില്‍ ശരിയായ മാനസികാവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗ്ഗമാണ് രാം മന്ദിര്‍. പക്ഷേ ഞങ്ങളുടെ അജണ്ട വികസനം മാത്രമായിരിക്കും. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കമല്‍നാഥ് സര്‍ക്കാരിന്റെ വികസനത്തിലെ പാളിച്ചകളും ഉയര്‍ത്തിക്കാട്ടും’- ബി.ജെ.പി മധ്യപ്രദേശ് മുഖ്യ വക്താവ് ദീപക് വിജയവര്‍ഗിയ ദി പ്രിന്റിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: rath yatra will be  bjp mp polls

We use cookies to give you the best possible experience. Learn more