ലഖ്‌നൗ: മിൽകിപൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി കലാപമുണ്ടാക്കാൻ പദ്ധതിയിടുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ശനിയാഴ്ച ലഖ്‌നൗവിലെ സമാജ്‌വാദി പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്തുള്ള ഡോ. രാം മനോഹർ ലോഹ്യ ഓഡിറ്റോറിയത്തിൽ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണസംവിധാനം ദുരുപയോഗം ചെയ്ത് മിൽകിപൂർ തെരഞ്ഞെടുപ്പിൽ മുൻ ഉപതെരഞ്ഞെടുപ്പ് പോലെ കലഹം സൃഷ്ടിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എസ്.പി പ്രവർത്തകർക്കെതിരെ ബി.ജെ.പി കള്ളക്കേസുകൾ ചുമത്തുകയാണെന്നും, പക്ഷേ ബി.ജെ.പിയുടെ ഒരു തന്ത്രം പോലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ബി.ജെ.പി ഒരിക്കലും സത്യം പറയാത്തതെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുണയും കൊള്ളയും മാത്രമാണ് ബി.ജെ.പിയുടെ ദൗത്യമെന്നും അവർക്ക് വികസനം എന്ന ലക്ഷ്യം ഇല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
‘അധികാര ദുർവിനിയോഗം വഴി ബി.ജെ.പി തെറ്റായ ഉറപ്പുകൾ നൽകുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്താൻ പുതിയ ഒഴിവുകഴിവുകൾ നൽകുകയും ചെയ്യുന്നു. ഇപ്പോൾ, 2027ലെ തെരഞ്ഞെടുപ്പിലും മിൽകിപൂർ ബൈയിലും തകർപ്പൻ പരാജയം ആയിരിക്കും പൊതുസമൂഹം ബി.ജെ.പിക്ക് സമ്മാനിക്കുക. 2017ൽ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്നതുപോലെ 2027ൽ അധികാരത്തിൽ നിന്ന് പുറത്താകും,’ അഖിലേഷ് യാദവ് പറഞ്ഞു.
ബി.ജെ.പി ഗൂഢാലോചന നടത്തിയിട്ടും ജനങ്ങളുടെ പരമോന്നത ശക്തി നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.എ (പിന്നാക്ക, ദളിത്, ന്യൂനപക്ഷം) എന്ന പ്രമേയവുമായി എല്ലാവരെയും ബന്ധിപ്പിക്കുന്നതിൽ എസ്.പി വിജയിച്ചിട്ടുണ്ടെന്നും ഇതിന് കീഴിൽ, എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം, സോഷ്യലിസം, ഭരണഘടന എന്നിവയോട് സമാജ്‌വാദി പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിലെ മിൽകിപൂർ നിയമസഭാ സീറ്റിലേക്ക് ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പത്ത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
ഉപതെരഞ്ഞെടുപ്പിൽ എസ്.പിയുടെ അജിത് പ്രസാദും ബി.ജെ.പിയുടെ ചന്ദ്രഭാനു പാസ്വാനും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ വർഷം നവംബറിൽ യു.പിയിലെ ഒമ്പത് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥികൾ ഏഴ് സീറ്റുകൾ നേടിയപ്പോൾ എസ്.പിക്ക് രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
Content Highlight: BJP planning to create disturbance in UP’s Milkipur by-election: Akhilesh Yadav