ന്യൂദൽഹി: മൂന്നാം തവണയും അധികാരത്തിൽ വന്നാൽ ബി.ജെ.പി ആർ. എസ്.എസിനെ നിരോധിക്കാൻ പദ്ധതിയിടുന്നതായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ റാലിയിൽ പങ്കെടുക്കവെ ആണ് മോദി സർക്കാർ ആർ.എസ്.എസിനെതിരെ നീങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചത്.
ബി.ജെ.പിക്ക് ഇപ്പോൾ ആർ.എസ്.എസിനെ ആവശ്യമില്ലെന്ന ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ വാക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്.
‘ആർ.എസ്.എസിനെ ആവശ്യമില്ലെന്നാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ പറയുന്നത്. ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ അത് ആർ.എസ്.എസിന്റെ നിലനിൽപ്പിനെ എത്രമാത്രം ബാധിക്കുമെന്നാണ് വെളിവാക്കപ്പെടുന്നത്,’ അദ്ദേഹം പറഞ്ഞു.
മുമ്പ് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ചിരുന്നു, അത് നമ്മൾ മറന്നു പോകാൻ പാടില്ല. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഞങ്ങളുടെ പാർട്ടിയെ ‘നക്ലി’ (വ്യാജ) ശിവസേന എന്ന് വിളിക്കുന്നവരെ ശിവസേനയും ‘നക്ലി’ എന്ന് തിരിച്ച് വിളിക്കും,” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തെ വിമർശിച്ച് താക്കറെ പറഞ്ഞു.
നിങ്ങളെ പ്രധാനമന്ത്രിയാക്കാൻ മുഴുവൻ ആർ.എസ്. എസ് അണികളും പ്രയത്നിച്ചിരുന്നു, നിങ്ങൾക്ക് ജന്മം നൽകിയ ആർ.എസ്.എസിനെ നിരോധിക്കാൻ നിങ്ങൾ ആലോചിക്കുന്നത് എന്തിനാണെന്നും താക്കറെ ചോദിച്ചു.
ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നതിന് ശേഷം മോദിയുടെ സേവകരായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ തിരിച്ച് വീട്ടിലേക്ക് അയക്കണമെന്നും താക്കറെ വിമർശിച്ചു. ബി.ജെ.പി ഭരണത്തിൽ അവരുടെ സേവകരെപ്പോലെ പ്രവർത്തിക്കുന്നത് ആരായാലും അവരെ പിരിച്ചുവിടുമെന്നും താക്കറെ പറഞ്ഞു.
‘ഇന്ത്യാ മുന്നണി വിജയിച്ചതിന് ശേഷം നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും സേവകരായ തെരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ച വിടണം. മോദിയുടെ പാദസേവ ചെയ്യുന്ന എല്ലാവർക്കും ഇത് തന്നെയാവും ഗതി,’ അദ്ദേഹം പറഞ്ഞു.
Content Highlight: BJP planning to ban RSS, says Uddhav Thackeray