രാഷ്ട്രപതി സ്ഥാനത്തേക്ക് സാംഗ്മയ്ക്ക് ബി.ജെ.പി പിന്തുണ
India
രാഷ്ട്രപതി സ്ഥാനത്തേക്ക് സാംഗ്മയ്ക്ക് ബി.ജെ.പി പിന്തുണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st June 2012, 2:06 pm

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ധനമന്ത്രി പ്രണാബ് മുഖര്‍ജിയ്‌ക്കെതിരെ പി.എ സാംഗ്മയെ പിന്തുണയ്ക്കാന്‍ ബി.ജെ.പി തീരുമാനം. ഇന്ന് ചേര്‍ന്ന ബി.ജെ.പി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് വാര്‍ത്താ ലേഖകരോട് വ്യക്തമാക്കി.

എന്നാല്‍ സാംഗ്മയെ പിന്തുണക്കുന്നത് സംബന്ധിച്ച് സമവായമായത്തിലെത്താന്‍ എന്‍.ഡി.എ സഖ്യത്തിനായിട്ടില്ല. അകാലിദള്‍ സാംഗ്മയെ പിന്തുണയ്ക്കുമെന്ന് സുഷമ അറിയിച്ചു. അതേസമയം ശിവസേനയും നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും സാംഗ്മയ്ക്ക് പിന്തുണ നല്‍കാന്‍ വിസമ്മതിച്ചിട്ടുണ്ട്. മത്സരം ഒഴിവാക്കി രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ പിന്തുണക്കണമെന്ന നിലപാടിലാണ്‌ ശിവസേനയും ജെ.ഡി.യുവും.

പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരത്തിന് തങ്ങള്‍ തയ്യാറാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. പ്രണബിനെ പിന്തുണക്കില്ലെന്നും രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയത്തില്‍ തങ്ങളുമായി കൂടിയാലോചിക്കുന്നതില്‍ യു.പി.എ പരാജയപ്പെട്ടുവെന്നും സുഷമ കുറ്റപ്പെടുത്തി.

അതേസമയം രാഷ്ടപതി സ്ഥാനത്തേക്ക് യു.പി.എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോയിലാണ് തീരുമാനം. പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഏതാനും പേര്‍ തീരുമാനത്തോട് വിയോജിച്ചെങ്കിലും ഭൂരിപക്ഷം പേരും പ്രണബിനെ അനുകൂലിച്ചു.

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നേ ചേരുന്ന ഇടതുപാര്‍ട്ടികളുടെ യോഗത്തിന് ശേഷമേ ഉണ്ടാവൂ.