ബംഗളുരു: അഴിമതിക്കറപ്പുരണ്ട റെഡ്ഡി സഹോദരന് കര്‍ണാടക തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കി ബി.ജെ.പി. കര്‍ണാടകയിലെ ബെല്ലാരി മണ്ഡലത്തിലാണ് ഖനി രാജാക്കന്മാരായ റെഡ്ഡി സഹോദരന്മാരില്‍ ഏറ്റവും ഇളയ ആളായ സോമശേഖര റെഡ്ഡിക്ക് സീറ്റു നല്‍കിയിരിക്കുന്നത്.
ബെല്ലാരിയില്‍ ജയിക്കാന്‍ പാര്‍ട്ടിക്ക് “വിട്ടുവീഴ്ച” ചെയ്യേണ്ടി വന്നു എന്നു പറഞ്ഞാണ് ബി.ജെ.പി വക്താവ് വിവേക് റെഡ്ഡി പാര്‍ട്ടി തീരുമാനത്തെ ന്യായീകരിച്ചത്.
ഖനി രാജാവ് ഗാലി ജനാര്‍ദ്ദന്‍ റെഡ്ഡി ബി.എസ്. യെദ്യൂരപ്പ സര്‍ക്കാറിന്റെ കാലത്ത്മന്ത്രിയായിരുന്നു. 2011ലെ നിയമവിരുദ്ധ ഖനനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് റെഡ്ഡിയെ പുറത്താക്കുകയായിരുന്നു.
ജാമ്യം ലഭിക്കുന്നതിനായി ജഡ്ജിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ ആരോപണ വിധേയനാണ് സോമശേഖര റെഡ്ഡി. കേസില്‍ നിലവില്‍ ജാമ്യത്തിലാണ് അദ്ദേഹം.
അഴിമതി ആരോപണം നേരിടുന്നവര്‍ക്ക് ടിക്കറ്റ് നല്‍കിയ ബി.ജെ.പി നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ” യെദ്യൂരപ്പ സര്‍ക്കാറാണ് കര്‍ണാടകയിലെ ഏറ്റവും അഴിമതി സര്‍ക്കാറെന്ന അമിത് ഷായുടെ പ്രവചനം യഥാര്‍ത്ഥമാകാന്‍ പോകുകയാണ്. ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡിക്ക് ബി.ജെ.പി ടിക്കറ്റ് ലഭിച്ചു. ബി.എസ് യെദ്യൂരപ്പയ്‌ക്കൊപ്പം ഭൂമി കുംഭകോണക്കേസില്‍ ആരോപണവിധേയനായ കൃഷ്ണയ്യയും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.” എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് ബി.ജെ.പി നടപടിയെ പരിഹസിച്ചത്.
ബി.ജെ.പിക്ക് ജനാര്‍ദ്ദന്‍ റെഡ്ഡിയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് അമിത് ഷാ പാര്‍ട്ടി നടപടിയെ ന്യായീകരിക്കുന്നുണ്ട്.
കഴിഞ്ഞദിവസമാണ് ബി.ജെ.പി കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയോ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയോ ഇടംപിടിച്ചില്ല. നേരത്തെ ഏപ്രില്‍ എട്ടിനാണ് ബി.ജെ.പി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിലും ഒറ്റ മുസ്ലിം-ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളും ഇടംനേടിയിരുന്നില്ല.
ഇന്നലെ 82 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട രണ്ടാംഘട്ട പട്ടികയാണ് പാര്‍ട്ടി പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുള്‍പ്പെട്ട ബി.ജെ.പിയുടെ കേന്ദ്രകമ്മറ്റിയാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്.