| Sunday, 12th February 2023, 12:55 pm

ബി.ജെ.പി രാജ്യസ്‌നേഹികള്‍, കോണ്‍ഗ്രസും ജെ.ഡി.എസും മുസ്‌ലിം രാജാവായ ടിപ്പുവിനെ ബഹുമാനിക്കുന്നവര്‍: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.ജെ.പിയെ പോലെ രാജ്യസ്‌നേഹമുള്ള പാര്‍ട്ടിക്ക് മാത്രമേ കര്‍ണാടകയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസും ജെ.ഡി.എസും ഇപ്പോഴും 18ാം നൂറ്റാണ്ടിലെ മുസ്‌ലിം രാജാവായ ടിപ്പു സുല്‍ത്താനെയാണ് പിന്തുണക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

റാണി അബ്ബക്കയെ ബഹുമാനിക്കുന്ന ബി.ജെ.പിക്കാണോ, അതോ മുസ്‌ലിം ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ ആരാധിക്കുന്ന കോണ്‍ഗ്രസിനും ജെ.ഡി.എസിനുമാണോ നിങ്ങള്‍ വോട്ട് ചെയ്യുക എന്നും അമിത് ഷാ ചോദിച്ചു.

കര്‍ണാടകയിലെ ബി.ജെ.പി ശക്തി കേന്ദ്രമായ പുട്ടൂരില്‍ സെന്‍ട്രല്‍ ആര്‍ക്കോനെട്ട് ആന്റ് കൊക്കോ മാര്‍ക്കറ്റിങ് ആന്റ് പ്രൊസസിങ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (CAMPCO) അമ്പതാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അമിത് ഷാ കര്‍ണാടകയിലാണുള്ളത്.

കര്‍ണാടകയില്‍ ആരായിരിക്കണം അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുക? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യസ്‌നേഹികളായ ബി.ജെ.പിയാണോ, ഗാന്ധി കുടുംബത്തിന് വേണ്ടി അഴിമതി നടത്തുന്ന കോണ്‍ഗ്രസാണോയെന്ന് അമിത് ഷാ ചോദിച്ചു.

ജെ.ഡി.എസിന് വോട്ട് ചെയ്താല്‍ അത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ അത് ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയാണെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസിനും ജെ.ഡി.എസിനും കര്‍ണാടകയില്‍ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ബി.ജെ.പി സര്‍ക്കാര്‍ വന്നപ്പോഴൊക്കെ കര്‍ണാടകയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. മുന്‍ ബി.ജെ.പി മുഖ്യമന്ത്രി യെദ്യൂരപ്പ കര്‍ഷകര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് രാജ്യം മുഴുവനുമുള്ള കര്‍ഷകര്‍ ഓര്‍ക്കുന്നുമുണ്ടെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസും ജെ.ഡി.എസും പരാതി തന്നിട്ടുണ്ട്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാത്തത് കൊണ്ട് കശ്മീരില്‍ രക്തച്ചൊരിച്ചില്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ കേരളത്തെ അധിക്ഷേപിച്ചും സംസാരിച്ചിരുന്നു. നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതല്‍ ഒന്നും ഞാന്‍ പറയേണ്ടല്ലോ. എന്നാണ് അമിത് ഷാ സംസാരിച്ചത്.

കോണ്‍ഗ്രസ് എക്കാലത്തും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിച്ചുവെന്നും 1700 പോപ്പുലര്‍ ഫ്രണ്ടുകാരെ വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിന് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 3500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ 224 അംഗ നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നിലവിലുള്ള ഭരണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

content highlight: BJP patriots, Kollam and JDS respect Muslim King Tipu: Amit Shah

We use cookies to give you the best possible experience. Learn more