| Thursday, 14th May 2020, 6:17 pm

ഏക്‌നാഥ് ഖഡ്‌സെയ്ക്ക് പിന്നാലെ മറ്റൊരു ബി.ജെ.പി മുതിര്‍ന്ന നേതാവും നേതൃത്വത്തിനെതിരെ; കണ്ണും നട്ട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെയ്ക്ക് ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മറ്റൈാരു നേതാവ് കൂടി രംഗത്ത്. മുന്‍ മന്ത്രി രാം ഷിന്‍ഡെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

മെയ് 21ന് നടക്കുന്ന എം.എല്‍.സി തെരഞ്ഞെടിപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഷിന്‍ഡെയുടെ വിമര്‍ശനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഷിന്‍ഡേ എന്‍.സി.പിയുടെ രോഹിത് പവാറിനോട് പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് എം.എല്‍.സി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഷിന്‍ഡേ പാര്‍ട്ടിയോട് പറഞ്ഞിരുന്നു. ഇത് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിമര്‍ശനം.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞത് എം.എല്‍.സി തെരഞ്ഞെടുപ്പിന് സീറ്റ് കിട്ടാത്തവര്‍ അതില്‍ നിന്ന് പഠിക്കണമെന്നാണ്. ഞാന്‍ കരുതുന്നത് പങ്കജ മുണ്ടെ നന്നായി പഠിച്ചെന്നാണ്. രമേഷ് കാരാട് അദ്ദേഹത്തിന്റെ വഴി വെട്ടിത്തെളിയിച്ചു പട്ടികയില്‍ ഇടം നേടി. ഞാനും മറ്റ് ചിലരും പഠിക്കാന്‍ തയ്യാറായിട്ടില്ലെന്നും രാം ഷിന്‍ഡെ പറഞ്ഞു.

ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെയും പാര്‍ട്ടിക്കെതിരെ വിമര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഖഡ്‌സെയെ ക്ഷണിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രത്തെ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ ഖഡ്സെയ്ക്ക് കോണ്‍ഗ്രസിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷനും റവന്യൂ മന്ത്രിയുമായ ബാലാസാഹേബ് തോറാത്ത് പറഞ്ഞു.

‘ഖഡ്സെ എന്റെ പഴയ സുഹൃത്താണ്. 1990ല്‍ ഞങ്ങളൊരുമിച്ച് നിയമസഭയില്‍ ഉണ്ടായിരുന്നു. പ്രതിപക്ഷത്തിന്റെ സമര്‍ത്ഥനായ നേതാവായിരുന്നു അദ്ദേഹം. ബഹുജന സ്വീകാര്യതയും പിന്തുണയും അദ്ദേഹത്തിനുണ്ട്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു’, തോറാത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more