പത്തനംതിട്ട: പന്തളം നഗരസഭ പിരിച്ചുവിടണമെന്ന് സെക്രട്ടറി എസ്. ജയകുമാര്‍. തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് നഗരസഭാ സെക്രട്ടറി കത്തയച്ചത്. ബി.ജെ.പിയാണ് നഗരസഭ ഭരിക്കുന്നത്.
പന്തളം നഗരസഭയിലെ ബജറ്റ് അവതരണവും ചര്‍ച്ചകളും വന്‍ രാഷ്ട്രീയ വിവാദമായിരുന്നു. പുതിയതായി ഭരണത്തിലേറിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബജറ്റ് പാസാക്കിയിട്ടും പന്തളത്ത് മാത്രം 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിരേഖ സമയബന്ധിതമായി അവതരിപ്പിച്ചിരുന്നില്ല.
ഇക്കാലയളവിലെല്ലാം നഗരസഭയില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ജൂലൈ 7ന് പുതിയതായി എത്തിയ സെക്രട്ടറി രേഖകള്‍ പരിശോധിച്ചപ്പോഴാണ് മാര്‍ച്ച് 22ന് അവതരിപ്പിച്ച ബജറ്റ് 1994 കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ വകുപ്പുകള്‍ പാലിക്കാതെയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെന്നും കണ്ടത്തി.
കൗണ്‍സില്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച് സെക്രട്ടറി ഓംബുഡ്‌സ്മാന്റെ ഉപദേശം തേടി.
നഗരസഭയായ ശേഷം കണ്ടിന്‍ജന്റ്, സാനിറ്റേഷന്‍ മേഖലകളിലായി 23 ജീവനക്കാരുടെ തസ്തികകള്‍ അനുവദിച്ചിട്ടും നിയമവിരുദ്ധമായി, പഞ്ചായത്ത് ആയിരുന്ന കാലത്തെ സാനിറ്റേഷന്‍ സൊസൈറ്റിയാണ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നതെന്നു കത്തില്‍ പരാമര്‍ശിക്കുന്നു.
നഗരസഭയുടെ പ്രവര്‍ത്തനത്തിനു 15 കണ്ടിജന്റ് ലേബേഴ്സിന്റേയും 8 സാനിറ്റേഷന്‍ വര്‍ക്കേഴ്സിന്റേയും തസ്തികകളാണുള്ളത്. എന്നാല്‍, സ്വജനപക്ഷപാതവും അഴിമതിയും ലക്ഷ്യമിട്ടു സാനിറ്റേഷന്‍ സൊസൈറ്റി എന്ന പേരില്‍ നിയമവിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നതെന്നാണു സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്.
ഇവയെല്ലാം പരിഗണിച്ചു മുനിസിപ്പാലിറ്റി ആക്ട് 64(1), 64 (1) (എ) എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിടാനുള്ള നടപടിയ്ക്കായി കേരള പഞ്ചായത്തീരാജ് അക്ട് 1994 (13), 27 ജി എന്നീ വകുപ്പുകള്‍ പ്രകാരം രൂപീകരിച്ച ഓംബുഡ്സ്മാന്റെ ഉപദേശം തേടണമെന്നാണ് നഗരസഭാ സെക്രട്ടറി ചീഫ് സെക്രട്ടറിക്കു കത്തു നല്കിയിരിക്കുന്നത്.
ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ ബി.ജെ.പിയിലെ സൗമ്യ സന്തോഷിനെതിരെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് നടപടിക്ക് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മരട് ഫളാറ്റ് പൊളിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയ സെക്രട്ടറിയാണ് ജയകുമാര്‍.