മുംബൈ: ആര്‍.എസ്.എസിനെ താലിബാനോടുപമിച്ച ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി രംഗത്ത്. മാപ്പ് പറയാതെ ജാവേദിന്റെയും കുടുംബാംഗങ്ങളുടെയും സിനിമകള്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര എം.എല്‍.എ രാം കദം പറഞ്ഞു.
ആര്‍.എസ്.എസും താലിബാനും ഒരുപോലെയാണ് എന്നാണ് ജാവേദ് അക്തര്‍ അഭിപ്രായപ്പെട്ടത്. താലിബാന്‍ മുസ്‌ലിം മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ടെന്നും ഇത്തരം ആളുകള്‍ എല്ലാം തന്നെ ഒരേ ചിന്താഗതിക്കാരാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
മതരാഷ്ട്രം ആഗ്രഹിക്കുന്നവര്‍ ഹിന്ദുവോ ക്രിസ്ത്യനോ മുസല്‍മാനോ ജൂതനോ ആരും തന്നെ ആകട്ടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ്ദള്‍ എന്നിവരും, അവരെ പിന്തുണക്കുന്നവരും അതുപോലെ തന്നെയാണ് എന്നാണ് ജാവേദ് അക്തര്‍ പറഞ്ഞത്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാവേദിന്റെ പ്രതികരണം.
ഇന്ത്യയിലെ ചില ആളുകള്‍ സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്നും താലിബാനും ‘താലിബാനെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നവരും’ തമ്മില്‍ അസാധാരണമായ സാമ്യം തനിക്ക് കണ്ടെത്താനായെന്നും ജാവേദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജാവേദിന്റെ പ്രതികരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണന്നായിരുന്നു ബി.ജെ.പി എം.എല്‍.എയായ രാം കദം അഭിപ്രായപ്പെട്ടത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രാം കദം ഇക്കാര്യം പറയുന്നത്.
‘ജാവേദ് അക്തറിന്റെ ഈ പ്രസ്താവന ലജ്ജാകരമാണ്. മാത്രമല്ല, സംഘപറിവാറിന്റെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവര്‍ത്തകര്‍ക്കും ആ ആശയങ്ങള്‍ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്കും ഈ പ്രസ്താവന വേദനാജനകവും അപമാനകരവുമാണ്,’ രാം കദം പറയുന്നു.
താലിബാനെ പോലെ ആയിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ സാധിക്കുമോ എന്നും രാം കദം ചോദിച്ചു. ജാവേദ് അക്തര്‍ കോടിക്കണക്കിന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും, മാപ്പ് പറയണമെന്നും രാം കദം ആവശ്യപ്പെട്ടു. മാപ്പ് പറയാത്ത പക്ഷം ജാവേദിന്റേയും കുടുംബത്തിന്റേയും ഒരു സിനിമയും ഭാരതത്തിലെവിടെയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും രാം കദം പറഞ്ഞു.
സംഘപരിവാര്‍ പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കുന്ന ആളുകളാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും അവര്‍ രാജധര്‍മ്മം നിറവേറ്റുമെന്ന കാര്യം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനുമുമ്പ് അദ്ദേഹം ചിന്തിക്കണമായിരുന്നു എന്നും രാം കദം കൂട്ടിച്ചേര്‍ത്തു.