കോഴിക്കോട്: കണ്ടംകുളം ജൂബിലി ഹാളിന് സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്‌മാന്റെ പേരിട്ടതില്‍ എതിര്‍പ്പുമായി ബി.ജെ.പി. ഹാളിന് മുഹമ്മദ് അബ്ദു റഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാള്‍ എന്ന് പേരിട്ടത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവനാണ് രംഗത്തെത്തിയിരിക്കുന്നത്.
കണ്ടംകുളം സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി ഹാള്‍ എന്ന പേര് സ്വാതന്ത്ര്യ സമര സ്മരണകള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നെന്നും
കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയാണ് ഹാള്‍ ആദ്യം നിര്‍മിച്ചതെന്നും പറഞ്ഞ സജീവന്‍ ഇപ്പോള്‍ നടന്ന പേര് മാറ്റം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ആരോപിച്ചു.
മേയറും മറ്റു പ്രതിപക്ഷാംഗങ്ങളും നാട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഡെപ്യൂട്ടി മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അധിക അജണ്ടയായി ഉള്‍പ്പെടുത്തിയാണ് പേരുമാറ്റം സംബന്ധിച്ച ആവശ്യം പാസാക്കിയെടുത്തതെന്നും സജീവന്‍ പറഞ്ഞു. സംഭവം സി.പി.ഐ.എമ്മിന്റെയും ഡെപ്യൂട്ടി മേയറുടെയും രാഷ്ട്രീയ അജണ്ടയാണെന്നും സജീവന്‍ ആരോപിച്ചു.
തളി പൈതൃക കേന്ദ്രത്തിലെ ക്ഷേത്രസംസ്‌കാരത്തെയും സാംസ്‌കാരികത്തനിമയെയും പ്രദേശത്തെ മഹാരഥന്മാരെയും അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന നടപടിയാണിതെന്നാണ് സജീവന്‍ പറയുന്നത്.
തളി ക്ഷേത്ര മാതൃകയില്‍ പുതുക്കിപ്പണിത മുഹമ്മദ് അബ്ദു റഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാള്‍ ഏപ്രില്‍ 29നാണ് ഉദ്ഘാടനം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 2000ത്തില്‍ പണിത ഹാള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
നവീകരണത്തിനായി 7.20 കോടി രൂപയാണ് ചെലവഴിച്ചത്. മുകളില്‍ ഓഡിറ്റോറിയവും താഴെ ഭക്ഷണശാലയും ഉള്‍പ്പെടെയാണ് ഹാള്‍ നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 477 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് ഇവിടെയുള്ളത്. നവീകരിച്ച കോവൂര്‍ കമ്യൂണിറ്റി ഹാള്‍ മെയ് മാസത്തില്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: BJP opposes changing the name of Kandamkulam Jubilee Hall in Kozhikode