| Tuesday, 5th November 2019, 9:46 pm

'തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍, പക്ഷേ, മുഖ്യമന്ത്രി കസേര വിട്ടുതരില്ല'; ശിവസേനയുമായി ബി.ജെ.പി അവസാനഘട്ട ചര്‍ച്ചയിലെന്ന് സൂചന; സേന വഴങ്ങുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയിലെ തര്‍ക്കമവസാനിപ്പിക്കാന്‍ ശിവസേനയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബി.ജെ.പി. ബി.ജെ.പിയും ശിവസേനയും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടതിനെത്തുടര്‍ന്നായിരുന്നു സംസ്ഥാനത്ത് വിജയം നേടാനായത്.

എന്നാല്‍ ഫലപ്രഖ്യാപനം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി പരിഗണിക്കാത്തതായിരുന്നു അനിശ്ചിതത്വത്തിന് വഴിവെച്ചത്.

ഭരണത്തില്‍ 50:50 ഫോര്‍മുല പ്രയോഗിക്കണമെന്നായിരുന്നു ശിവസേന മുന്നോട്ടുവെച്ച ആശയം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ച് ചര്‍ച്ച വേണ്ടെന്നും അഞ്ച് വര്‍ഷവും ഫഡ്‌നാവിസ് ഭരിക്കുമെന്നുമാണ് ബി.ജെ.പി ആവര്‍ത്തിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭീഷണി ശിവസേന ഉയര്‍ത്തിയതോടെയാണ് അവസാന ഘട്ട ചര്‍ച്ചകള്‍ക്ക് ബി.ജെ.പി തയ്യാറായത്. എന്നാല്‍ അവസാനഘട്ടത്തിലും മുഖ്യമന്ത്രി കസേര വിട്ടുതരില്ലെന്ന നിലപാടില്‍ത്തന്നെയാണ് ബി.ജെ.പി.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്നാണ് സേന ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സേനയ്ക്ക് ഒന്നും രേഖാമൂലം എഴുതി നല്‍കാന്‍ ബി.ജെ.പി തയ്യാറല്ലെന്നാണ് ഫഡ്‌നാവിസുമായി അടുത്ത ബന്ധമുള്ള ബി.ജെ.പി നേതാവ് ഗിരിഷ് മഹാജന്‍ നല്‍കുന്ന സൂചന.

സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ശിവസേന വരുത്തുന്ന കാലതാമസത്തെയും ഗിരീഷ് മഹാജന്‍ കുറ്റപ്പെടുത്തി. സഞ്ജയ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം പങ്കുടുന്നതിനെച്ചൊല്ലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളോട് തങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ഇന്ത്യാടുഡേയോട് പറഞ്ഞു.

അതേസമയം, ശിവസേന കടുംപിടുത്തം വിടാനൊരുങ്ങുന്നു എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. തര്‍ക്കങ്ങള്‍ അവസാനിക്കുന്നു എന്ന സൂചനകള്‍ നല്‍കി ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ സുധിര്‍ മുങ്കന്തിവാര്‍ രംഗത്തെത്തി. ഫഡ്നാവിസിന്റെ ഓഫീസില്‍വെച്ച് നടന്ന ബി.ജെ.പിയുടെ കോര്‍ ടീം ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ഒരു നല്ല വാര്‍ത്ത ഏത് നിമിഷവും ഉണ്ടാവും. കാത്തിരിക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more