| Friday, 14th February 2014, 8:20 am

വിബ്ജിയോര്‍ ചലച്ചിത്രമേള: കാശ്മീരി ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് ബി.ജെ.പി, പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] തൃശൂര്‍: കശ്മീരിലെ സ്ത്രീകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനം പ്രമേയമാക്കിയ ബിലാല്‍ എം. ജാനിന്റെ ഓഷ്യന്‍ ഓഫ് ടിയേഴ്‌സ് എന്ന സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ബി.ജെ.പി.

വിബ്ജിയോര്‍ ചലച്ചിത്രമേളയോടനുബന്ധിച്ച് സംഗീത നാടക അക്കാദമിയില്‍ ഇന്ന് വൈകുന്നേരം 5.30നാണ് സിനിമ പ്രദര്‍ശനം.

ബി.ജെ.പി സംസ്ഥാന ജനറല്‍ കോ ഓഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണനും സംഘവുമാണ് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്. വേണ്ടി വന്നാല്‍ ബലം പ്രയോഗിക്കുമെന്നും ബി.ജെ.പി അറിയിച്ചു.

എന്നാല്‍ എന്തു വില കൊടുത്തും സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഡ്വ. ബാബുരാജ് വ്യക്തമാക്കി. ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് സംരക്ഷണത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

സൈന്യത്തിന്റേയും തീവ്രവാദികളുടേയും ആക്രമണത്തിന് വിധേയരാകുന്ന സ്ത്രീകളുടെ നിസ്സഹായാവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം.

തീവ്രവാദത്തിനും മാനഭംഗത്തിത്തിനും ഇരയായ സ്ത്രീകള്‍, സൈനിക നടപടികളില്‍ അപ്രത്യക്ഷരായവരുടെയും കൊല്ലപ്പെട്ടവരുടെയും ഭാര്യമാര്‍ എന്നിവരുടെ ദുരന്താനുഭവങ്ങള്‍ ചിത്രത്തില്‍ പങ്കുവയ്ക്കുന്നു.

പാകിസ്ഥാന്‍ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ ദേശീയക്കെതിരെ നിര്‍മ്മിച്ച സിനിമയെന്നാണ് ബി.ജെ.പി. ആരോപണം.

ഇന്ത്യയിലെല്ലായിടത്തും സിനിമ നിരോധിച്ചതാണെന്നും കലയുടെ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരില്‍ ശത്രു രാജ്യത്തിന് ഇന്ത്യയെ ഒറ്റുകൊടുക്കുന്ന സിനിമയ്ക്ക് അനുമതി നല്‍കിയ സംഘാടക സമിതിയുടെ തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സംഭവത്തിനെതിരെ വിബ്ജിയോര്‍ സൗഹൃദ കൂട്ടായ്മ പ്രതിഷേധ സംഗമം നടത്തി. മേളയിലെ മുഴുവന്‍ അംഗങ്ങളും ചേര്‍ന്ന് സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.

ഉയര്‍ന്ന സാംസ്‌കാരിക ഔന്നത്യവും ജനാധിപത്യ ബോധവുമുള്ള കേരളത്തില്‍ ഇത്തരം സംഭവമുണ്ടായത് തന്നെ ഞെട്ടിച്ചെന്ന് മേളയില്‍ പങ്കെടുക്കുന്ന  ഓഷ്യന്‍ ഓഫ് ടിയേഴ്‌സിന്റെ സംവിധായകന്‍ ബിലാല്‍ എം. ജാന്‍ പറഞ്ഞു.

മനുഷ്യാവകാശ ലംഘനങ്ങള്‍ ആരില്‍ നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണ്. കാശ്മീരിലെ പരുഷന്മാര്‍ സൈനികരാല്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ മാനഭംഗത്തിനിരയാവുകയും ചെയ്യുന്നത് പുറം ലോകം അറിയേണ്ടതാണ്.

ഫാസിസ്റ്റ് ശക്തികളുടെ ഇത്തരം നീക്കം ഇന്ത്യയില്‍ ആദ്യമല്ല. സഞ്ജയ് കാക്ക്‌നും ആനന്ദ് പഠ്‌വര്‍ധനും നേരത്തെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

സ്വാതന്ത്രവും നീതിയും ആഗ്രഹിക്കുന്ന ജനതയാണ് കാശ്മീരിലുള്ളതെന്നും അവരുടെ ചവിട്ടിമെതിക്കപ്പെടുന്ന സ്വാതന്ത്രത്തതെയാണ് താന്‍ ചിത്രത്തിലൂടെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചതെന്നും  ബിലാല്‍ എം. ജാന്‍ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2012 ഓഗസ്റ്റില്‍ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും പ്രൊഡ്യൂസറുമായ രാജീവ് മെഹ്ത്തയുടെ പേരില്‍ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണ്.

We use cookies to give you the best possible experience. Learn more