ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പിന്മാറാന്‍ തീരുമാനിച്ച മനോജ് തിവാരിക്ക് പകരം ആളെ കണ്ടെത്താനൊരുങ്ങി ബി.ജെ.പി. അടുത്ത അധ്യക്ഷന്‍ ആരെന്ന് കണ്ടെത്താന്‍ എം.എല്‍.എമാരില്‍നിന്നും എം.പിമാരില്‍നിന്നും മോര്‍ച്ച നേതാക്കിളില്‍നിന്നും മറ്റ് ഭാരവാഹികളില്‍നിന്നും അഭിപ്രായം തേടുകയാണ് പാര്‍ട്ടി.
70 സീറ്റുകളിലേക്ക് നടന്ന ദല്‍ഹി തെരഞ്ഞെടുപ്പില്‍ എട്ടിടത്ത് മാത്രമാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കായത്. അതിന് പിന്നാലെ അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള ആഗ്രഹം തിവാരി പ്രകടിപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനമാകുന്നത് വരെ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്ന് ആലോചിക്കാന്‍ ബി.ജെ.പി നാഷണല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുവിന്റെയും വുമണ്‍ വിങ് മേധാവി വിജയ റാഹത്കറിന്റെയും നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ ഇവര്‍ കേന്ദ്രനേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.
അനില്‍ ജയിന്‍, പവന്‍ ശര്‍മ്മ, ആഷിഷ് സൂഡ്, മഹൈഷ് ഗിരി എന്നിവരുടെ പേരാണ് ഉയര്‍ന്നുവരുന്നതെന്നാണ് സൂചനകള്‍. എം.പിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് കണ്ണുവെക്കുന്നുണ്ട്. പര്‍വേശ് സാഹിബ് സിങ്, ഗൗതം ഗംബീര്‍, മീനാക്ഷി ലേഖി, രമേഷ് ബിധുരി എന്നിവരാണ് ദല്‍ഹി അധ്യക്ഷ സ്ഥാനം ആഗ്രഹിക്കുന്നത്. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.