| Monday, 28th December 2020, 8:09 pm

എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിന് മുന്നില്‍ ബി.ജെ.പി ഓഫീസ് എന്ന ബാനര്‍ തൂക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിന് മുന്നില്‍ ‘ബി.ജെ.പി ഓഫീസ്’ എന്ന ബാനര്‍ തൂക്കി. പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ ശിവസേന വക്താവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചതിന് പിന്നാലെയാണ് സംഭവം.

‘ബി.ജെ.പി പ്രദേശ് കാര്യാലയ’ എന്ന് ഹിന്ദിയില്‍ എഴുതിയ ബാനറാണ് തൂക്കിയിരിക്കുന്നത്.

പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് വര്‍ഷയെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 29 ന് ഇ.ഡിയുടെ മുംബൈ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ വര്‍ഷ റാവത്തും പ്രവീണ്‍ റാവത്തും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കുന്നതായി ചില വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെയും മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കിലെയും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് റാവത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിനായി നേരത്തെ രണ്ട് തവണ ഇ.ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഡിസംബര്‍ 11 ന് ഹാജരാകാനായിരുന്നു ഇതിന് മുന്‍പ് നിര്‍ദേശം നല്‍കിയത്.

അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള ഏജന്‍സികളെ രാഷ്ട്രീയ കളികള്‍ക്ക് ഉപയോഗിക്കുകയാണെന്നും അതുകൊണ്ടുതന്നെ വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും റാവത്ത് പറഞ്ഞിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും ശിവസേന തങ്ങളുടെ രീതിയില്‍ ഇതിന് ഉത്തരം നല്‍കുമെന്നും റാവത്ത് പ്രതികരിച്ചു.

‘ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവയുടെ പ്രാധാന്യം കുറഞ്ഞുവരികയാണ്. നേരത്തെ, ഈ ഏജന്‍സികള്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമ്പോള്‍, ഗുരുതരമായ എന്തോ ഒരു കാര്യം ഉണ്ടെന്ന് തോന്നിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഒരു രാഷ്ട്രീയ പാര്‍ട്ടി വൈരാഗ്യം പുറത്തെടുക്കുമ്പോഴാണ് ഈ ഏജന്‍സിയില്‍ നിന്ന് നടപടികള്‍ ഉണ്ടാവുന്നത്,” റാവത്ത് പറഞ്ഞു.

എന്‍ഫോഴ്സ്മെന്റിന് കൈമാറാന്‍ 121 ബി.ജെ.പി നേതാക്കളുടെ പേരുകള്‍ അടങ്ങുന്ന ഫയല്‍ തന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Office” Banner Outside Agency’s Branch Probing Sena Leader’s Wife

We use cookies to give you the best possible experience. Learn more