| Wednesday, 12th June 2019, 11:42 am

ശിവസേനയെ തഴഞ്ഞ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ?; ജഗന് ബി.ജെ.പിയുടെ വാഗ്ദാനമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയവാഡ: ശിവസേന സമ്മര്‍ദം ശക്തമാക്കുന്നതിനിടെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജഗന്മോഹന്‍ റെഡ്ഢിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ബി.ജെ.പി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ബി.ജെ.പി എം.പിയും പാര്‍ട്ടി വക്താവുമായ ജി.വി.എല്‍ നരസിംഹ റാവു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കൂടിയായ റെഡ്ഢിയെ കാണുകയും വാഗ്ദാനം മുന്നോട്ടുവെയ്ക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ജഗന്‍ വാഗ്ദാനം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് ജഗന്റെ പ്രതികരണമെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാവുവുമായി അരമണിക്കൂറോളം ജഗന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

അഞ്ചില്‍ നാല് ഭൂരിപക്ഷം നേടിയാണ് സംസ്ഥാനത്ത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ജയിച്ചത്. ഭൂരിപക്ഷ വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും അവര്‍ക്കു ലഭിച്ചതാണ് ഇത്ര വലിയ വിജയത്തിനു കാരണമായതെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. അതാണ് ബി.ജെ.പിയുടെ വാഗ്ദാനം സ്വീകരിക്കുന്നതില്‍ തിടുക്കം വേണ്ടെന്ന നിലപാടെടുക്കാന്‍ ജഗനെ പ്രേരിപ്പിച്ചത്.

നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ജഗന്‍ ശനിയാഴ്ച ദല്‍ഹിയിലെത്തുന്നുണ്ട്. ഈ വരവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനും തീരുമാനം അറിയിക്കാനും സാധ്യതയുണ്ട്.

തിങ്കളാഴ്ചയാണ് പുതിയ ലോക്‌സഭ ആദ്യമായി ചേരുന്നത്. അന്ന് സ്പീക്കര്‍ സ്ഥാനമേല്‍ക്കുകയും എം.പിമാര്‍ സത്യപ്രതിജ്ഞ നടത്തുകയും ചെയ്യും.

നിലവില്‍ ലോക്‌സഭയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് 22 എം.പിമാരാണുള്ളത്. ബി.ജെ.പിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുള്ള കക്ഷി കൂടിയാണിത്.

We use cookies to give you the best possible experience. Learn more