തിരുവനന്തപുരം: ഉന്നത പദവി വാഗ്ദാനം ചെയ്ത് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി മുഖ്തര്‍ അബ്ബാസ് നഖ്വി രണ്ട് തവണ താനുമായി ചര്‍ച്ച നടത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. ഉപരാഷ്ട്രപതി പദവിയാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും,
ആ ഓഫര്‍ സ്വീകരിക്കാത്ത താന്‍ ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസില്‍ വിനു.വി ജോണുമായുള്ള അഭിമുഖത്തിലായിരുന്നു പി.ജെ കുര്യന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
” പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് വളരെ അടുപ്പമുള്ള ആളാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. പാര്‍ലമെന്ററി കാര്യ മന്ത്രി നഖ്വി ഒരു പ്രാവശ്യമല്ല രണ്ട് പ്രാവശ്യം എന്റെ അടുത്ത് വന്നു.
ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പദവിയാണ് എനിക്ക് തന്ന ഓഫര്‍. ആ ഓഫറുണ്ടായിട്ട് പോകാത്ത ഞാന്‍ ഇനി പോകുമോ? ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാന്‍ പ്രധാനമന്ത്രിയെ കണ്ടു. തന്ന ഓഫറിന് നന്ദി പറഞ്ഞു. പക്ഷേ ‘ഇന്ന ഇന്ന’ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ ചേരാന്‍ കഴിയില്ലെന്ന് പറഞ്ഞു,” പി.ജെ കുര്യന്‍ പറഞ്ഞു.
എന്‍.എസ് വോട്ടുകള്‍ യു.ഡി.എഫിന് കിട്ടുമെന്നും പി.ജെ കുര്യന്‍ പറഞ്ഞു. സമദൂരം എന്ന് പറയുന്നത് സ്വാതന്ത്ര്യമാണ്. വിശ്വാസികളോടൊപ്പം നില്‍ക്കുന്നത് യു.ഡി.എഫാണ്. ശബരിമലയിലെ സമാധാനത്തിന് ഒരു ഭംഗവും വരുത്താതിരുന്നതും യു.ഡി.എഫാണ്,” പി.ജെ കുര്യന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി ഗ്രൂപ്പിനെതിരെയും പി.ജെ കുര്യന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ശബരിമല പ്രചാരണ വിഷയമാണെന്നും പി.ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.