ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി പണം വാഗ്ദാനം ചെയ്തുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 50 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സിദ്ധരാമയ്യ പറയുന്നത്. മൈസൂരു ജില്ലയിലെ ടി.നരസിപുര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേയാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം.
വാഗ്ദാനത്തോട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ യോജിച്ചില്ലെന്നും അതിനാലാണ് ബി.ജെ.പി തനിക്കെതിരെ തിരിഞ്ഞതെന്നും കള്ളക്കേസെടുക്കുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
‘അവര്‍ കോടിക്കണക്കിന് രൂപ സമ്പാദിച്ചു. പണം ഉപയോഗിച്ച് ഓരോ എം.എല്‍എമാര്‍ക്കും 50 കോടി വാഗ്ദാനം ചെയ്തു. എന്നാല്‍ ഇത്തവണ ഞങ്ങളുടെ എം.എല്‍.എമാരാരും അതിന് സമ്മതിച്ചില്ല. അത് കൊണ്ടാണ് സര്‍ക്കാരിനെ എങ്ങനെയെങ്കിലും നീക്കണമെന്ന പ്രചാരണം അവര്‍ ആരംഭിച്ചത്. അതിനുവേണ്ടിയാണ് കള്ളക്കേസുകള്‍ ഫയല്‍ ചെയ്യുന്നത്,’ സിദ്ധരാമയ്യ പറഞ്ഞു.
സിദ്ധരാമയ്യ സര്‍ക്കാരിനെ എങ്ങനെയെങ്കിലും അട്ടിമറിക്കുക എന്നതാണ് ബി.ജെ.പിയുടെ ഉദ്ദേശമെന്നും അതിനുവേണ്ടിയാണ് പണം വാഗ്ദാനം ചെയ്യുന്നതെന്നും പറഞ്ഞ സിദ്ധരാമയ്യ എവിടെ നിന്നാണ് ബി.ജെ.പിക്ക് ഇത്രയും പണം ലഭിച്ചതെന്നും ചോദിക്കുകയുണ്ടായി.
‘സിദ്ധരാമയ്യ സര്‍ക്കാരിനെ എങ്ങനെയെങ്കിലും അട്ടിമറിക്കാന്‍, ബി.ജെ.പി 50 എം.എല്‍.എമാര്‍ക്ക് 50 കോടി വാഗ്ദാനം ചെയ്തു. എവിടെ നിന്ന് അവര്‍ക്ക് ഇത്രയും പണം ലഭിച്ചു? മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ, പ്രതിപക്ഷ നേതാവ് ആര്‍. അശോക, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര എന്നിവര്‍ പണം അച്ചടിക്കുന്നുണ്ടോ?’ സിദ്ധരാമയ്യ ചോദിച്ചു.
ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതും ഉപയോഗിക്കുന്നതുമെല്ലാം കൈക്കൂലി പണമാണെന്നും അതുപയോഗിച്ച് ഓരോ എം.എല്‍.എമാര്‍ക്കും 50 കോടി വാഗ്ദാനം ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നുണ്ട്.
Content Highlight: BJP offered Rs 50 crore to Congress MLAs in Karnataka: Siddaramaiah