'എനിക്കു വാഗ്ദാനം ചെയ്തത് ഒരുകോടി; പത്തുലക്ഷം കിട്ടിബോധിച്ചു' ബി.ജെ.പിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ബി.ജെ.പിയുടെ കുതിരക്കച്ചവടം തുറന്നുകാട്ടി പട്ടേല്‍സമര നേതാവ്
India
'എനിക്കു വാഗ്ദാനം ചെയ്തത് ഒരുകോടി; പത്തുലക്ഷം കിട്ടിബോധിച്ചു' ബി.ജെ.പിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ബി.ജെ.പിയുടെ കുതിരക്കച്ചവടം തുറന്നുകാട്ടി പട്ടേല്‍സമര നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd October 2017, 8:03 am

അഹമ്മദ്: ബി.ജെ.പിയില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെ ബി.ജെ.പിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഹാര്‍ദിക് പട്ടേലിന്റെ പടിതാര്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍ നരേന്ദ്ര പട്ടേല്‍. ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെ ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നരേന്ദ്ര പട്ടേല്‍ ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയില്‍ ചേരാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ആ പാര്‍ട്ടി എന്താണെന്ന് തുറന്നുകാട്ടാനാണ് താന്‍ അവര്‍ക്കൊപ്പം കൂടിയതെന്നു പറഞ്ഞുകൊണ്ടായിരുന്നു നരേന്ദ്ര പട്ടേലിന്റെ ഈ വെളിപ്പെടുത്തല്‍.


Must Read: പ്രാര്‍ത്ഥനകള്‍ വിഫലം: ടെക്‌സാസില്‍ കാണാതായ ഇന്ത്യന്‍ ബാലികയുടെ മൃതദേഹം വീടിനടുത്തുള്ള കലുങ്കില്‍ കണ്ടെത്തി


കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന്റെ മുന്‍ സഹായി വരുണ്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് നരേന്ദ്ര പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് സംവരണ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് വരുണ്‍ പട്ടേല്‍ ബി.ജെ.പിയിലേക്കു ചേര്‍ന്നത്. വരുണ്‍ പട്ടേല്‍ വഴി തനിക്ക് ഒരുകോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തതെന്ന് നരേന്ദ്ര പട്ടേല്‍ ആരോപിച്ചു.

“എനിക്കുവേണ്ടി വരുണ്‍ പട്ടേല്‍ ബി.ജെ.പിയുമായി ഒരുകോടിയുടെ ഡീലാണ് ഉണ്ടാക്കിയത്. അഡ്വാന്‍സായി പത്തുലക്ഷം എനിക്കു തന്നു. നാളെ അവര്‍ 90ലക്ഷം തരുമെന്ന് ഉറപ്പുനല്‍കിയിരുന്നു. അവര്‍ റിസര്‍വ് ബാങ്ക് മുഴുവന്‍ എനിക്കു നല്‍കിയാലും എന്നെ വിലക്കുവാങ്ങാന്‍ അവര്‍ക്കാവില്ല.” അദ്ദേഹം പറഞ്ഞു.

വരുണ്‍ പട്ടേലിനെയും ബി.ജെ.പിയെയും തുറന്നുകാട്ടാനാണ് പണം സ്വീകരിച്ചതും പൊതുമധ്യത്തില്‍ ഉയര്‍ത്തിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആരോപണങ്ങള്‍ വരുണ്‍ പട്ടേല്‍ നിഷേധിച്ചു. കോണ്‍ഗ്രസ് ആണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വരുണ്‍ പട്ടേല്‍ സ്വാധീനിച്ചതെങ്ങനെയെന്ന് നരേന്ദ്രപട്ടേല്‍ വിശദീകരിക്കുന്നു:

“എന്നെ അഹമ്മദാബാദിലേക്കു വിളിപ്പിച്ചു. അവിടെ നിന്നും ഗാന്ധി നഗറിലേക്കു കൊണ്ടുപോയി. ഗാന്ധി നഗറില്‍ കുറച്ചുസമയം വാഹനത്തില്‍ ചുറ്റിയശേഷം അഡലാജിനു സമീപമുള്ള ഒരു ഓഫീസിലേക്കു കൊണ്ടുപോയി.”

“അവിടെവെച്ച് നിരവധി ബി.ജെ.പി നേതാക്കന്മാര്‍ക്ക് എന്നെ പരാജയപ്പെടുത്തി. ജിത്തുഭായ് വഗാനി, ചുദാസ്മാസാഹബ് ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ അവിടെയുണ്ടായിരുന്നു.” അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഗുജറാത്ത് സംസ്ഥാന പ്രസിഡന്റാണ് ജിത്തുഭായ് വഗാനി. ഗുജറാത്ത് മന്ത്രിസഭയിലെ മന്ത്രിയാണ് നരേന്ദ്ര പട്ടേല്‍ ചുദാസ്മാസാഹബ് എന്നു വിശേഷിപ്പിച്ച ബുപേന്ദ്രസിന്‍ഹ് ചുദാസ്മാ.

“അവിടെവെച്ച് ബി.ജെ.പിയില്‍ ചേരുകയാണെങ്കില്‍ എനിക്ക് ഒരുകോടി രൂപ നല്‍കുമെന്ന് വാക്കുനല്‍കി. വരുണ്‍ ഭായ് എനിക്ക് പത്തുലക്ഷം പണമായി നല്‍കി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഒരു ബി.ജെ.പി പരിപാടിയ്ക്കിടെ ശേഷിക്കുന്ന 90ലക്ഷം നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.” നരേന്ദ്ര പട്ടേല്‍ പറയുന്നു.

“പിന്നീട് ഇവര്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും ഞാന്‍ ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ഇതു ശരിയല്ല എന്നാണ് എനിക്കുതോന്നിയത്. കാരണം ചതിക്കപ്പെടുന്നത് പട്ടേല്‍ സമുദായമാണ്.” അദ്ദേഹം പറയുന്നു.

ഗുജറാത്തില്‍ ബി.ജെ.പി തകരുമെന്നും പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കാനിരിക്കെയാണ് നാടകീയമായ ഈ സംഭവങ്ങള്‍.