മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന ആരോപണവുമായി ശിവസേന എം.എല്‍.എ ഹര്‍ഷവര്‍ധന്‍ ജാദവ്. തന്നെ കൂറുമാറ്റുന്നതിനായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര റെവന്യൂ മന്ത്രിയുമായ ചന്ദ്രകാന്ത് ദാദ പാട്ടീല്‍ തനിക്ക് 5 കോടിരൂപ വാഗ്ദാനം ചെയ്‌തെന്ന് ജാദവ് പറഞ്ഞു.
താനടക്കമുള്ള എം.എല്‍.എമാര്‍ക്ക് 5 കോടിരൂപയും ഉപതെരഞ്ഞെടുപ്പില്‍ സീറ്റുമാണ് വാഗ്ദാനം നല്‍കിയിട്ടുള്ളത്. ശിവസേനയുടെ വിമര്‍ശനങ്ങളില്‍ ബി.ജെ.പിക്ക് അസ്വസ്ഥതയുണ്ടെന്നും അത്‌കൊണ്ട് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുകയാണെന്ന് ചന്ദ്രകാന്ത് ദാദ തന്നോട് പറഞ്ഞതായി ജാദവ് പറയുന്നു.
ഉപതെരഞ്ഞെടുപ്പിനുള്ള ചിലവ് ബി.ജെ.പി വഹിക്കുമെന്നും പരാജയപ്പെട്ടാല്‍ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജാദവ് പറയുന്നു.
മുഴുവന്‍ സേന എം.എല്‍.എമാരെയും ബി.ജെ.പി സമീപിച്ചിട്ടുണ്ടെന്നും ജാദവ് പറഞ്ഞു. ഔറംഗാബാദിലെ കന്നാടില്‍ നിന്നുള്ള എം.എല്‍.എയാണ് ജാദവ്.
മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷന്‍ റാവു സാഹേബ് ദാന്‍വെയുടെ മരുമകനാണ് ഹര്‍ഷവര്‍ധന്‍ ജാദവ്. ഒക്ടോബര്‍ 27-28 തിയ്യതിയില്‍ ഔദ്യോഗിക വസതിയില്‍വെച്ചാണ് പണം വാഗ്ദാനം ചെയ്തതെന്നും ജാദവ് പറയുന്നു.