ഇംഫാല്‍: മണിപ്പൂര്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ബി.ജെ.പി തനിക്ക് 36 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകയും സമര നായികയുമായ ഇറോം ശര്‍മ്മിള.
തന്റെ വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം അവസാനിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി തീരുമാനിച്ചതിന് പിന്നാലെയാണ് ഇറോമിനെ തേടി ബി.ജെ.പി നേതാവ് വാഗ്ദാനവുമായി എത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും മറ്റുമായി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വളരെയധികം പണം വേണം. കുറഞ്ഞത് 36 കോടിയെങ്കിലും വേണ്ടി വരും. ആ പണം കേന്ദ്രം നല്‍കുമെന്നുമായിരുന്നു തന്നെ സമീപിച്ച ബി.ജെ.പി നേതാവ് പറഞ്ഞതെന്ന് ഇറോം പറയുന്നു.
എന്നാല്‍, ഇറോം ശര്‍മ്മിളയുടെ ആരോപണത്തെ ബി.ജെ.പി നേതാവ് റാം മാധവ് തള്ളിക്കളഞ്ഞു. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മൊത്തം പ്രചരണ ചെലവ് തന്നെ 36 കോടി വരില്ലെന്നായിരുന്നു മാധവിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാന്‍ അവര്‍ മാന്യമായ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസ്ഫയ്‌ക്കെതിരായ 16 വര്‍ഷം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച ഇറോം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് എന്ന പാര്‍ട്ടി രൂപീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തൗബാല്‍, ഖുറായ് എന്നീ രണ്ട് മണ്ഡലങ്ങളിലും ഇറോം മത്സരിക്കാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 4,8 തിയ്യതികളിലാണ് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്.