| Friday, 19th July 2019, 2:14 pm

ബി.ജെ.പി എനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തു; വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി രൂപ വീട്ടില്‍ വെച്ചിട്ട് പോയെന്ന് ജെ.ഡി.എസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: ബി.ജെ.പി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ജെ.ഡി.എസ് എം.എല്‍.എ ശ്രീനിവാസ് ഗൗഡ നിയമസഭയില്‍. ബി.ജെ.പി എം.എല്‍.എമാരായ അശ്വത്ഥ് നാരായണ്‍, വിശ്വനാഥ്, ബി.ജെ.പി നേതാവ് യോഗേശ്വര്‍ എന്നിവര്‍ താന്‍ നിരസിച്ചിട്ടും വീട്ടില്‍ 5 കോടി രൂപ വെച്ചിട്ട് പോയെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചയ്ക്കിടെയാണ് നിയമസഭയില്‍ ബി.ജെ.പിക്കെതിരെ കോഴ ആരോപണം ഉന്നയിച്ചത്.

‘ബി.ജെ.പിക്കൊപ്പം നില്‍ക്കാന്‍ 30 കോടി രൂപയാണ് തനിക്ക് വാഗ്ദാനം നല്‍കിയത്.
വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി മുന്‍കൂര്‍ എന്നു പറഞ്ഞ് വീട്ടില്‍ വെച്ചിട്ട് പോയി’.

അതേസമയം സഭയില്‍ കോഴ ആരോപണവുമായി മന്ത്രിയും രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി മന്ത്രി ജി.ടി ദേവഗൗഡയാണ് സഭയില്‍ അറിയിച്ചത്.

അതേസമയം ഇന്ന് ഉച്ചയ്ക്ക് 1. 30 ന് മുന്‍പ് വിശ്വാസ വോട്ട് നേടണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കോണ്‍ഗ്രസ് തള്ളി.

ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് നടത്താനാകില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു. വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more