| Wednesday, 9th January 2019, 9:50 am

കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി എം.എല്‍.എ 100 കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ദിഗ്‌വിജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പി, കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. ബി.ജെ.പി എം.എല്‍.എ നാരായണ്‍ ത്രിപാദിയ്‌ക്കെതിരെയാണ് ഗുരുതര ആരോപണവുമായി ദിഗ്‌വിജയ് സിംഗ് രംഗത്തെത്തിയത്.

“ബി.ജെ.പി എം.എല്‍.എ നാരായണ്‍ ത്രിപാദി, മോറെന ജില്ലയിലെ സബല്‍ഗഢ് എം.എല്‍.എയായ ബൈജ്‌നാഥ് കുശ്വാഹയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തെ ഒരു ഭക്ഷണശാലയിലേക്ക് നാരായണ്‍ കൂട്ടിക്കൊണ്ടുപോയി. മുന്‍ മന്ത്രിമാരായ നരോട്ടാം മിശ്രയും വിശ്വാസ് സാരംഗും കുശ്വാഹയുമായി കൂടിക്കാഴ്ച നടത്തി. അവര്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ കുശ്വാഹയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തു. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും അവര്‍ കുശ്വാഹയ്ക്ക് വാഗ്ദാനം ചെയ്തു.”

ALSO READ: ക്ഷേത്രത്തിന്റേയും പൂജയുടേയും പേരില്‍ അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ തടയാന്‍ ആര്‍ക്കുമാകില്ല: വനം മന്ത്രി രാജു

ചാര്‍ട്ടേഡ് വിമാനത്തില്‍ അവര്‍ക്കൊപ്പം യാത്ര ചെയ്യാനും കുശ്വാഹയെ ക്ഷണിച്ചിരുന്നെങ്കിലും കുശ്വാഹ തയ്യാറായില്ലെന്നും ദിഗ്‌വിജയ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ആരോപണത്തെ തള്ളി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. തനിക്കെതിരെ ദിഗ്‌വിജയ് സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കണമെന്ന് നരോട്ടാം മിശ്ര പറഞ്ഞു. അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൊലീസ് പിടിയിലായിട്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് മിണ്ടാട്ടമില്ല; ബി.ജെ.പി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍

അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ദിഗ്‌വിജയ് സിംഗിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു. ആരോപണത്തെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 114 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 109 സീറ്റുകളാണ് ബി.ജെ.പിക്ക് മധ്യപ്രദേശില്‍ ലഭിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more