തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബി.ജെ.പി സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി മുന്‍ എം.പി സെബാസ്റ്റ്യന്‍ പോള്‍. വ്യാഴാഴ്ച പുറത്തിറങ്ങുന്ന ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ തുറന്നു പറച്ചില്‍.
തോറ്റാല്‍ രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
‘റിസള്‍ട്ടിനെക്കരുതി ആശങ്ക വേണ്ട. തോറ്റാല്‍ രാജ്യസഭ തരാം. ഓഫര്‍ സ്വീകരിച്ചാല്‍ ആറു വര്‍ഷം കഴിഞ്ഞ് എക്‌സ് എം.പിയാകും. ഞാന്‍ പറഞ്ഞു. ‘ഇപ്പോള്‍ തന്നെ അതാണല്ലോ’,’ പുസ്തകത്തില്‍ പറയുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം എന്ന സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
1997ല്‍ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ് ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോള്‍ ആദ്യമായി ലോക്‌സഭയിലെത്തിയത്.
പിന്നീട് 2003-ല്‍ പതിമൂന്നാം ലോക്‌സഭയിലേക്കും ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 2004-ല്‍ നടന്ന പതിനാലാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും സെബാസ്റ്റ്യന്‍ പോള്‍ എറണാകുളത്തു നിന്ന് വിജയിച്ചു.