| Wednesday, 11th October 2017, 11:48 am

ജനരക്ഷാ യാത്രയില്‍ ആളില്ല; ആളെക്കൂട്ടാന്‍ ബാങ്ക് വായ്പാ അപേക്ഷ സ്വീകരിക്കുമെന്ന പ്രചരണവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ പൊതുമേഖലാ ബാങ്കുകളെയും ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ പേരിലുള്ള മുദ്രാവായ്പ പദ്ധതിയിലെ അപേക്ഷകള്‍ ജാഥയില്‍ സ്വീകരിക്കുമെന്ന് പ്രചരിപ്പിച്ചാണ് ആളുകളെ ജാഥയില്‍ പങ്കെടുപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also Read: മോദിക്കെതിരായി ഒന്നും മിണ്ടാതിരുന്നത് അല്പം പ്രതീക്ഷ ബാക്കിയുണ്ടായിരുന്നതിനാല്‍; എന്നാല്‍ മോദിയുടെ വാക്കിലുള്ള വിശ്വാസം നഷ്ടമായെന്നും അണ്ണാ ഹസാരെ


ജാഥയില്‍ പങ്കെടുക്കുന്നവരുടെ അപേക്ഷകകള്‍ സ്വീകരിക്കുമെന്നും അല്ലാത്തവര്‍ക്ക് വായ്പ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി ആളുകളെ പങ്കെടുപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബാങ്കുകളിലും തദേശ ഭരണ സ്ഥാപനങ്ങളിലും നല്‍കേണ്ട അപേക്ഷയാണ് ബി.ജെ.പി റാലിയില്‍ ശേഖരിക്കുന്നത്.

ചെറുകിട- ഇടത്തരം വാണിജ്യ, വ്യവസായിക സംരഭങ്ങള്‍ തുടങ്ങാന്‍ നല്‍കുന്ന വായ്പയാണ് മുദ്രവായ്പ. നേരത്തെ നിലവിലുണ്ടായിരുന്ന ഐ.ഏര്‍.ഡി.പിയില്‍ ഉള്‍പ്പെടെയുണ്ടായിരുന്ന വിവിധ വായ്പാ പദ്ധതികള്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നിര്‍ത്തലാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനായാണ് മുദ്രാവായ്പ പദ്ധതി ആരംഭിക്കുന്നത്.


Dont Miss: ‘എന്നെ ചീത്ത വിളിക്കണ്ട മോദിയെ ചീത്ത വിളിച്ചോ’ ; ഗുജറാത്തില്‍ പ്രതിഷേധിച്ച വനിതകളോട് ബി.ജെ.പി എം.എല്‍.എ


50,000, 1 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ മൂന്നു തട്ടുകളായാണ് മുദ്രാവായ്പ അനുവദിക്കുന്നത്. ഇതിന്റെ പേരുപറഞ്ഞാണ് ആളുകളെ ബി.ജെ.പി ജാഥയിലെത്തിക്കുന്നത്. “പ്രധാനമന്ത്രി ആവാസ് യോജന” എന്ന ഭവന നിര്‍മ്മാണ പദ്ധതിയിലെ ധന സഹായ അപേക്ഷകരെയും ജാഥയില്‍ എത്തിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബി.ജെ.പി പ്രതിനിധികള്‍ക്കും വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാരെയുമാണ് ഭവന പദ്ധതി അപേക്ഷകരെ ജാഥയിലെത്തിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനരക്ഷാ യാത്രയില്‍ നേതൃത്വം പ്രതീക്ഷിച്ച പങ്കാളിത്തം ഇല്ലെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി ആളുകളെ പങ്കെടുപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം.

We use cookies to give you the best possible experience. Learn more