| Monday, 1st February 2021, 10:52 am

ബി.ജെ.പി റാലിയില്‍ ദേശീയ ഗാനം തെറ്റിച്ചു ചൊല്ലി; ആദ്യം പോയി ദേശീയ ഗാനം പഠിക്കെന്ന് സ്മൃതി ഇറാനിയോട് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദേശീയഗാനത്തെ ബി.ജെ.പി അപമാനിച്ചെന്ന ആരോപണം ശക്തിപ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഞായറാഴ്ച ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന റാലിയില്‍ ബി.ജെ.പി മുന്‍നിര നേതാക്കള്‍ ദേശീയഗാനം ആലപിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആരോപണം.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് ദേശീയ ഗാനത്തിലെ വരികള്‍ തെറ്റിച്ചുപാടുന്നത്.

ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ട സ്ഥാനത്ത് പകരം ജന ഗണ മന അധിനായക ജയഹേ എന്നാണ് ബി.ജെ.പി നേതാവ് പാടുന്നത് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പശ്ചിംബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റി ട്വീറ്റ് ചെയ്തത്.

ദേശീയ ഗാനം തെറ്റിച്ചു പാടിയ ബി.ജെ.പിക്കെതിരെ എന്തു നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു.

ട്വിറ്ററില്‍ BJPInsultsNationalAnthem എന്ന ഹാഷ്ടാഗ് ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

ഇതിനോടകം തന്നെ എഴുപത്തി അയ്യായിരത്തില്‍ അധികം ട്വീറ്റുകളാണ് ബി.ജെ.പിക്കെതിരെ വന്നിരിക്കുന്നത്.

ബി.ജെ.പി ദേശീയ ഗാനത്തെ അപമാനിച്ചിരിക്കുന്നു, പ്രധാനമന്ത്രി മാപ്പ് പറയുമോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.

സ്മൃതി മറ്റുള്ളവര്‍ക്ക് ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് മുന്‍പ് നമ്മുടെ ദേശീയ ഗാനം തെറ്റാതെ ചൊല്ലാന്‍ പഠിക്ക്, എങ്ങനെയാണ് നിങ്ങള്‍ദേശീ ഗാനം തെറ്റിച്ചുചൊല്ലിയത്, ഇപ്പോള്‍ നിങ്ങളുടെ ദേശീയത എവിടെയാണ്, ബി.ജെ.പിയും കണക്കാണ് ബി.ജെ.പിയും പിന്തുണയ്ക്കുന്നവരും കണക്കാണ് എന്നിങ്ങനെ പതിനായിരക്കണക്കിന് ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  BJP of insulting National Anthem, starts poll on social media

We use cookies to give you the best possible experience. Learn more