ജയ്പ്പൂര്‍: 2013ല്‍ മോഹന വാഗ്ദാനങ്ങളുമായാണ് ബി.ജെപി. രാജസ്ഥാനില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ വാഗ്ദാനങ്ങള്‍ വാക്കുകളിലൊതുങ്ങിയപ്പോള്‍ വരും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ചങ്കിടിപ്പ് ഏറുകയാണ്.
ഒടുവില്‍ പുറത്ത് വരുന്ന സര്‍വേ ഫലങ്ങളിലെല്ലാം കോണ്‍ഗ്രസിന് അനുകൂലമായതോടെയാണ് ബി.ജെ.പി ക്യാംപില്‍ നെഞ്ചിടിപ്പെറിയത്. കഴിഞ്ഞ തവണ 200 അംഗ സഭയില്‍ 162 അംഗങ്ങളും ബി.ജെ.പിക്കാരായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗത്തിലേക്കാണ് സര്‍വേഫലങ്ങള്‍ പറയുന്നത്.
ലൈംഗികാതിക്രമ കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലായില്ലെന്ന് സെന്റര്‍ ഫോര്‍ കമ്യൂണിറ്റി ഇക്കണോമിക്‌സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കണ്‍സല്‍ട്ടെന്‍സ് സൊസൈറ്റി പറയുന്നു.
ഇത്തരം കോടതികളുടെ നിര്‍മാണത്തിനായി 214 കോടി കേന്ദ്ര ധനകാര്യ കമ്മീഷന്‍ അനുവദിച്ചെങ്കിലും ഒരു കോടതി പോലും സ്ഥാപിച്ചില്ല. നിയമപ്രശ്‌നമാണ് ഇതിന് കാരണമെന്ന് രാജസ്ഥാന്‍ വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ സുമന്‍ ശര്‍മ വിശദീകരിക്കുന്നു.
ആരോഗ്യമേഖലയിലും പൂര്‍ണപരാജയമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും അതിനായുള്ള യാതൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ALSO READ: രഥയാത്ര തടഞ്ഞാല്‍ രഥചക്രം കയറ്റിക്കൊല്ലുമെന്ന് ബി.ജെ.പി.നേതാവ്
രാജസ്ഥാനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമുഹ്യ കേന്ദ്രങ്ങള്‍, എന്നിവയുടെ നിലവാരം മെച്ചപ്പെടുത്താന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് സാമൂഹിക വിദഗ്ദര്‍ വിമര്‍ശിക്കുന്നു.
2017-18ലെ രാജസ്ഥാന്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രാകാരം മൊത്തം ജി.ഡി.പിയുടെ 24.7 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നാണ്. എന്നാല്‍ ബജറ്റില്‍ കാര്‍ഷിക മേഖയ്ക്കായി മാറ്റിവെച്ചത് 3.5 ശതമാനം മാത്രം. കൂടാതെ കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന വാഗ്ദാനവും നടപ്പിലായില്ല.
എല്ലാത്തിലുമുപരി ഇന്ത്യയില്‍ മുസ്‌ലിം-ദളിത് സമൂഹങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത സംസ്ഥാനമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍. മുസ്‌ലിം വംശഹത്യയും ദളിത് വിദ്വേഷക്കൊലയും വര്‍ധിച്ച സാഹചര്യത്തില്‍ ഈ വോട്ടുകള്‍ ബി.ജെ.പിക്ക് പ്രതികൂലമാകുമെന്നാണ് വിലയിരുത്തലുകള്‍.