മഹാരാഷ്ട്രയില്‍ ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറല്ലെന്ന് ബി.ജെ.പി; പന്ത് വീണ്ടും ശിവസേനയുടെ കോര്‍ട്ടില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ഏത് സാഹചര്യത്തിലായാലും ഒരു ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറല്ലെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുംഗട്ടിവാര്‍. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഗവര്‍ണറെ കാണുന്നത് സര്‍ക്കാരുണ്ടാക്കാന്‍ അനുവാദം തേടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഗവര്‍ണറെ കാണുന്നത് സര്‍ക്കാരുണ്ടാക്കുന്നതിനല്ല. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും ഭരണഘടന പ്രശ്‌നങ്ങളെ കുറിച്ചും നിര്‍ദേശങ്ങളെ കുറിച്ചും സംസാരിക്കുന്നതിന് വേണ്ടിയും അറിയിക്കുന്നതിനും വേണ്ടിയാണ്. ഞങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കുകയും സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കുകയും ചെയ്യുമെന്നും സുധീര്‍ മുംഗട്ടിവാര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ ശിവസേന ഇല്ലാതെ സര്‍ക്കാരുണ്ടാക്കണം എന്ന നിലപാടിലായിരുന്നു ബി.ജെ.പി. അതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചത്. ഈ തീരുമാനം പെട്ടെന്ന് പിന്‍വലിക്കുകയായിരുന്നു. ഏത് സാഹചര്യത്തിലായാലും ഒരു ന്യൂനപക്ഷ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തയ്യാറല്ലെന്ന് സുധീര്‍ മുംഗട്ടിവാര്‍ ഉറപ്പിച്ച് പറഞ്ഞു.
ബി.ജെ.പിയുടെ പുതിയ തീരുമാനത്തോടെ ശിവസേനയ്ക്ക് വീണ്ടും വിലപേശാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കി ബി.ജെ.പി ഒത്തുതീര്‍പ്പിന് തയ്യാറാവുമോ എന്നാണ് ഇനി അറിയേണ്ടത്.