ബി.ജെ.പി ജാതി സെന്‍സസിന് എതിരല്ലെന്ന് സുശീല്‍ മോദി; മൗനം തുടര്‍ന്ന് ബി.ജെ.പി നേതൃത്വം
National Politics
ബി.ജെ.പി ജാതി സെന്‍സസിന് എതിരല്ലെന്ന് സുശീല്‍ മോദി; മൗനം തുടര്‍ന്ന് ബി.ജെ.പി നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd August 2021, 1:50 pm

ന്യൂദല്‍ഹി: ജാതി സെന്‍സസിന് ബി.ജെ.പി എതിരല്ലെന്ന് സുശീല്‍ മോദി. ജാതി സെന്‍സസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പോകുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം.

”ബി.ജെ.പി ഒരിക്കലും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന് എതിരല്ല, നിയമസഭയിലും കൗണ്‍സിലിലും അതിനെ പിന്തുണയ്ക്കുന്ന പ്രമേയങ്ങളില്‍ ഞങ്ങളും ഭാഗഭാക്കായിരുന്നു. പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍ ഒരു ബി.ജെ.പി പ്രതിനിധിയും ഉള്‍പ്പെടും,” സുശീല്‍ മോദി പറഞ്ഞു.

ജാതി സെന്‍സസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തണമെന്ന് മോദിയോട് നിതീഷ് കുമാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ നിതീഷിന് അനുമതി ലഭിച്ചിരുന്നില്ല. സെന്‍സസിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് നിതീഷ് സൂചന നല്‍കിയിരുന്നു.

ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണുന്നുണ്ട്. സെന്‍സസിന്റെ കാര്യത്തില്‍ ബി.ജെ.പി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

1931നു ശേഷം രാജ്യത്ത് ജാതി സെന്‍സസ് നടന്നിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: “BJP Not Against Caste Census”: Sushil Modi Ahead Of Nitish Kumar-PM Meet