തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ബി.ജെ.പി ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൂജിക്കുന്ന ആരാധനാലയമായി പാര്‍ട്ടി മാറിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയപ്പോള്‍ ആണ് ബി.ജെ.പിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. പത്ത് വര്‍ഷത്തെ മോദിയുടെ ഭരണത്തിന് കീഴില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായെന്നും ജനാധിപത്യം പുനഃസ്ഥാപിക്കേണ്ട ഗുരുതര സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘മോദിയുടെ ഗ്യാരണ്ടി എന്നാണ് ബി.ജെ.പി പ്രകടന പത്രികയെ വിളിച്ചത്. ബി.ജെ.പി ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. മോദിയെ പൂജിക്കുന്ന ആരാധനാലയമായി പാര്‍ട്ടി മാറിയിരിക്കുന്നു. ഇന്ത്യയിൽ ഈ ആരാധന ശക്തി പ്രാപിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അത് സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കും,’ ചിദംബരം പറഞ്ഞു.
മൂന്നാം തവണയും മോദി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ബി.ജെ.പി ഭരണഘടന ഭേദഗതി ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നമുക്ക് രാജ്യത്തെ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പ് നല്‍കിയപ്പോള്‍ സി.പി.ഐ.എം അതില്‍ മൗനം പാലിച്ചെന്നും ചിദംബരം പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വിവാദ നിയമമായ സി.എ.എ പരാമര്‍ശിച്ചില്ലെങ്കിലും ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ നിയമം റദ്ദാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. തെരഞ്ഞെടുപ്പ് അവസാനിച്ച തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും പോണ്ടിച്ചേരിയിലെ ഒരു സീറ്റിലും ഇന്ത്യാ സഖ്യം വിജയിക്കുമെന്നും ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു.
Content Highlight: BJP no longer a political party, but a cult worshipping Narendra Modi: P Chidambaram